തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ അവസരം കൂടി സിപിഐഎം പാർട്ടി നൽകും. മേയർക്ക് അന്ത്യ ശാസനം നൽകാൻ സിപിഐഎം ജില്ലാ നേതൃത്വത്തിൽ ധാരണയായി. ഭരണത്തിലെ വീഴ്ചകൾ അധികാരം നഷ്ടപ്പെടാൻ ഇടയാക്കുമെന്ന തിരിച്ചറിവിലാണ് ഇടപെടൽ. മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് വിലയിരുത്തൽ.
കഴിഞ്ഞ ദിവസങ്ങളില്‍ ചേർന്ന ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും മേയര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നഗരസഭയിലെ ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയിലാണെന്നും മേയര്‍ ആണ് ഇതിന്റെ ഉത്തരവാദിയെന്നുമായിരുന്നു ജില്ലാ കമ്മിറ്റിയിലെ വിമര്‍ശനം. ഇക്കാര്യത്തില്‍ പാര്‍ട്ടി ഉചിതമായ തീരുമാനം എടുക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കം പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്. KSRTC മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായെന്നും യോഗത്തിൽ വിമർശനം ഉയർന്നു. ഉന്നത നേതൃത്വവുമായി ആര്യാ രാജേന്ദ്രന് അടുത്ത ബന്ധം ഉണ്ടെന്നും അതിനാലാണ് മേയർ സംരക്ഷിക്കപ്പെടുന്നതെന്ന വിമർശനവും പാർട്ടി നേതാക്കൾക്കിടയിലുണ്ട്.
മേയറും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎൽഎയും പക്വതയില്ലാതെ പെരുമാറിയെന്നാണ് വിമർശനം. ഭരണത്തിലെ വീഴ്ചകളും പ്രവർത്തനശൈലിയും മൂലം അധികാരം നഷ്ടമാകുമെന്ന തിരിച്ചറിവിലാണ് പാർട്ടി ഇടപെടൽ. മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന വിലയിരുത്തൽ കൂടി ഉണ്ടായതിനെ തുടർന്നാണ് ഒരവസരം കൂടി നൽകുന്നത്. കോര്പറേഷൻ ഭരണത്തിലെ വീഴ്ചകൾ ജില്ലാ ഘടകം പ്രത്യേകം പരിശോധിക്കും.