ന്യൂഡല്‍ഹി: ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന ഫയല്‍ ചെയത അപകീര്‍ത്തി കേസില്‍ സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ക്ക് അഞ്ച് മാസം ജയില്‍ശിക്ഷ വിധിച്ച് ഡല്‍ഹി സാകേത് കോടതി. ലെഫ്റ്റനന്റ് ഗവര്‍ണറുടെ പ്രതിഛായ കളങ്കപ്പെടുത്തിയതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി നിര്‍ദേശിച്ചു. 24 വര്‍ഷം മുമ്പത്തെ അപകീര്‍ത്തി പരാമര്‍ശത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. അപ്പീല്‍ നല്‍കുന്നതിന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മേധയുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് ഒന്നോ രണ്ടോ വര്‍ഷത്തെ തടവ് വിധിക്കാത്തത് എന്നും കോടതി വ്യക്തമാക്കി
ടെലിവിഷൻ ചാനലുകളിൽ അപകീർത്തികരമായ ആരോപണം ഉന്നയിക്കുകയും പത്ര പ്രസ്താവന ഇറക്കുകയും ചെയ്തുവെന്നാരോപിച്ചാണ് മേധാ പട്കറിനെതിരെ സക്‌സേന മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നത്. ഹവാല സാമ്പത്തിക ഇടപാടിൽ അന്ന് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ ഭാരവാഹിയായ സക്സേന സാമ്പത്തിക നേട്ടമുണ്ടാക്കി എന്നായിരുന്നു മേധാപട്കറിന്റെ ആരോപണം. എന്നാൽ ഇക്കാര്യം സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകൾ ഹാജരാക്കാൻ മേധാപട്ർകർക്ക് കഴിഞ്ഞില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
2001ലാണ് മേധാപട്കർക്കെതിരെ സക്സേന അന്യായം ഫയൽ ചെയ്തത്. ടിവി ചാനലിലൂടെയും വാർത്താക്കുറിപ്പിലൂടെയും അപകീർത്തിപെടുത്തിയെന്നാണ് സക്സേന നൽകിയ കേസ്. മേധാ പട്കർ കുറ്റക്കാരിയെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു. നർമ്മദാ ബച്ചാവോ ആന്ദോളനുമായി ബന്ധപ്പെട്ട് 2000 മുതൽ തന്നെ മേധാ പട്കറും സക്സേനയും തമ്മിൽ നിയമപോരാട്ടങ്ങൾ നിലനിൽക്കുന്നുണ്ട്. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ അഹമ്മദാബാദ് ആസ്ഥാനമായ ഒരു എൻജിഒയുടെ തലവനായിരുന്നു സക്സേന.
നർമ്മദാ ബച്ചാവോ ആന്ദോളനും തനിക്കുമെതിരെ പരസ്യങ്ങൾ നൽകുന്നതിൽ സക്സേനയ്ക്കെതിരെ മേധാ പട്കർ നിയമനടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ മേധാ പട്കർ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സക്സേന അവർക്കെതിരെ രണ്ട് അന്യായം ഫയൽ ചെയ്യുകയായിരുന്നു.