തിരുവനന്തപുരം: തിരുവനന്തപുരം ദേശീയ പാതയില്‍ ആനയറയ്ക്ക് സമീപം വെണ്‍പാലവട്ടത്ത് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് യുവതി മരിച്ചു. കോവളം വെള്ളാര്‍ സ്വദേശിനി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകള്‍ മൂന്ന് വയസുളള ശിവന്യ , സഹോദരി സിനി (32) എന്നിവര്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. മൂവരും സഞ്ചരിച്ച സ്കൂട്ടർ പാലത്തിൽനിന്ന് താഴേക്ക് പതിക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ സിമിയെ രക്ഷിക്കാനായില്ല.
അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സ്കൂട്ടർ ഓടിച്ച സിനി ഉറങ്ങി പോയതാണ് അപകടത്തിന് കാരണം എന്നാണ് കരുതുന്നത്. മരിച്ച സിമിയും മകളും സ്കൂട്ടറിന്റെ പിൻവശത്താണ് ഇരുന്നത്.
പേട്ട പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ അപകടകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.