ബംഗ്ളൂരു: കർണാടക കോൺഗ്രസിൽ ഗ്രൂപ്പ് പോര് തുടരുന്നതിനിടെ സിദ്ധരാമയ്യ വിഭാഗത്തിലെ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകൾ നടത്തിയാൽ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാവില്ലെന്ന് ഡി.കെ ശിവകുമാർ വ്യക്തമാക്കി.
മന്ത്രിമാരോ എംഎൽഎമാരോ വീടുകളിൽ ഒരു കാരണവശാലും പാർട്ടി യോഗങ്ങൾ നടത്തരുതെന്ന് ഡികെ ശിവകുമാർ നിർദ്ദേശിച്ചു. വിഭാഗീയ പ്രവർത്തനങ്ങൾ വച്ച് പൊറുപ്പിക്കില്ല. പാർട്ടിയിൽ അച്ചടക്കം പ്രധാനമാണ്. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്ന ഒരു പ്രസ്താവനയും നടത്തരുത്. ഡി കെ മുഖ്യമന്ത്രിയാകണം എന്നാവശ്യപ്പെട്ട ചന്നാഗിരി എംഎൽഎയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ചന്നാഗിരി എംഎൽഎ ബസവരാജു ശിവഗംഗയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഡി കെ വ്യക്തമാക്കി.
അതേസമയം കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യം സിദ്ധരാമയ്യ വിഭാഗം കെപിസിസി യോഗത്തിലും ആവർത്തിച്ചു.