നാടന്‍ കിഴങ്ങ് കറി കഴിച്ചു മടുത്തോ?എങ്കില്‍ തയ്യാറാക്കാം ഇനി ദാബാ സ്റ്റൈലില്‍. ബ്രേക്ഫാസ്റ്റിനും ഡിന്നറിനും ഒക്കെയായി മലയാളികളുടെ അടുക്കളയില്‍ ഒഴിയാത്ത വിഭവമാണ് കിഴങ്ങ് കറി. തേങ്ങാപ്പാല്‍ ഒഴിച്ചും ഒഴിക്കാതെയും പല രീതിയിലും കിഴങ്ങ് കറി നമ്മുടെ വീടുകളില്‍ വയ്ക്കാറുണ്ട.എന്നാല്‍ ഇതൊക്കെ കഴിച്ച് മടുത്തവരാണോ നിങ്ങള്‍.എങ്കില്‍ ഇതാ പുതിയൊരു റെസിപ്പിയില്‍ കിഴങ്ങ് കറി തയ്യാറാക്കാം. ദാബാ സ്‌റ്റൈല്‍ ആണെന്ന് കരുതി ഒരുപാട് ചേരുവകളും ഒരുപാട് സമയം ഒന്നും വേണ്ട കേട്ടോ. ദാബ സ്‌റ്റൈല്‍ കിഴങ്ങുകറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം
ആവശ്യമായ ചേരുവകള്‍;
കിഴങ്ങ്- തൊലി കളഞ്ഞു വേവിച്ചത്
ക്യാപ്‌സിക്കം- ഒരെണ്ണം
മുളകുപൊടി
മല്ലിപ്പൊടി
മഞ്ഞപ്പൊടി
കസൂരി മേത്തി
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
തക്കാളി ഒരെണ്ണം
തൈര്- പുളി ഇല്ലാത്തത്
ഇനി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം;
ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടാക്കുക. അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ ചൂടായതിനു ശേഷം അതിലേക്ക് നീളത്തില്‍ കനം കുറച്ച് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ത്ത് കൊടുക്കുക. അതോടൊപ്പം തന്നെ ചെറിയ കഷ്ണങ്ങളായി മുറിച്ചു വച്ചിരിക്കുന്ന ക്യാപ്‌സിക്കവും ചേര്‍ത്ത് കൊടുക്കാം. രണ്ടും ചേര്‍ത്ത് അല്‍പ നേരം ഒന്ന് ഇളക്കിയശേഷം വേവിച്ച് വെച്ചിരിക്കുന്ന കിഴങ്ങും ഇതിലേക്ക് ചേര്‍ത്തു കൊടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂണ്‍ കസൂരി മേത്തിയും ഒരു ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഇതെല്ലാം കൂടി അല്‍പ നേരം മാത്രം ഇളക്കിയാല്‍ മതിയാകും. സവാളയും ക്യാപ്‌സിക്കവും ഒരുപാട് വെന്തു കുഴയേണ്ട ആവശ്യമില്ല.
ഇനി മറ്റൊരു പാന്‍ എടുത്ത് അതിലേക്ക് എണ്ണ ഒഴിച്ചുകൊടുക്കുക. അതിലേക്ക് കല്‍പം ജീരകം ഇടുക. ശേഷം ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും കൂടി ചേര്‍ക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കൂടെ ചേര്‍ക്കുക. ഇനി പൊടികള്‍ ഇടേണ്ട സമയമാണ്. ഒരു ടീസ്പൂണ്‍ മുളകുപൊടി ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി ഇവയെല്ലാം കൂടെ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പൊടികളുടെ പച്ചമണം എല്ലാം പോയി കഴിയുമ്പോള്‍ ഒരു തക്കാളിയും അല്പം വെള്ളവും കൂടെ മിക്‌സിയിലിട്ട് അടിച്ചെടുത്ത് ജ്യൂസ് പരുവത്തില്‍ ആക്കി ഈ പാനിലേക്ക് ഒഴിച്ചുകൊടുക്കുക. ഇനി പാന്‍ മൂടിവെച്ച് വേവിക്കുക. തക്കാളിയൊക്കെ നല്ലപോലെ വെന്ത് മസാല പിടിച്ച് കഴിഞ്ഞ് പുറത്ത് എണ്ണ തെളിയുന്ന സമയം വരെ വേവിക്കാന്‍ വെയ്ക്കണം. ഇതിലേക്ക് രണ്ട് ടേബിള്‍സ്പൂണോളം ഒട്ടുംതന്നെ പുളിയില്ലാത്ത തൈര് ചേര്‍ത്ത് കൊടുക്കുക. ഇത് നന്നായി മിക്‌സ് ചെയ്തതിനുശേഷം ഇതിലേക്ക് കാല്‍കപ്പ് ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കൊടുക്കാം. ദാബ സ്‌റ്റൈല്‍ കിഴങ്ങ് കറിക്കുള്ള മസാല ഇവിടെ റെഡിയായി കഴിഞ്ഞു. ഇനി ഇതിലേക്ക് നമ്മള്‍ ആദ്യം വേവിച്ച് വച്ചിരുന്ന കിഴങ്ങും ക്യാപ്‌സിക്കവും സവാളയും കൂടി ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക. ഒരുപാട് ഗ്രേവി ഇല്ലാത്ത രീതിയില്‍ വേണം ദാബാ സ്‌റ്റൈല്‍ കിഴങ്ങ് കറി തയ്യാറാക്കേണ്ടത്. ചപ്പാത്തിക്കൊപ്പവും കുബൂസിന് ഒപ്പവും ഒക്കെ കഴിക്കാന്‍ പറ്റുന്ന നല്ലൊരു വിഭവമാണിത്.