Kerala

ഭാരതീയ ന്യായ് സംഹിത; സംസ്ഥാനത്തെ ആദ്യ കേസ് കൊണ്ടോട്ടിയിൽ

മലപ്പുറം: ഭാരതീയ ന്യായ് സംഹിത അനുസരിച്ച് സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറം കൊണ്ടോട്ടിയില്‍. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതിന് ഭാരതീയ ന്യായ് സംഹിതയിലെ 281-ാം വകുപ്പ് ചുമത്തിയാണ് കര്‍ണാടകയിലെ കൊടക് മടിക്കേരി സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തത്.

തിങ്കളാഴ്ച പുലർച്ച 12.20നാണ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിനാണ് കൊണ്ടോട്ടി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായസംഹിത 2023ലെ വകുപ്പ് 281, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988ലെ വകുപ്പ് 194 ഡി എന്നിവയാണു ചുമത്തിയിരിക്കുന്നത്.

കൊണ്ടോട്ടി സ്​റ്റേഷനിലെ ഗ്രേഡ്​ എസ്​.ഐ പി. ബാബുരാജാണ്​ കേസ്​ രജിസ്റ്റർ ചെയ്തത്​. പുതുതായി നിലവിൽവന്ന ഭാരതീയ നാഗരിക സുരക്ഷ സംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്.ഐ.ആർ തയാറാക്കിയത്.

രാജ്യത്ത് പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ ഇന്നു മുതലാണ് പ്രാബല്യത്തിൽ വന്നത്. നൂറ്റാണ്ടിലേറെയായി രാജ്യത്ത് നില നിൽക്കുന്ന ക്രിമിനൽ നിയമങ്ങളായ ഇന്ത്യൻ ശിക്ഷാ നിയമം(ഐ.പി.സി), ക്രിമിനൽ നടപടി ക്രമം(സി.ആർ.പി.സി), ഇന്ത്യൻ തെളിവ് നിയമം (ഐ.ഇ.എ) എന്നിവ മാറ്റി തൽസ്ഥാനത്ത് യഥാക്രമം ഭാരതീയ നീതി സംഹിത(ബി.എൻ.എസ്), ഭാരതീയ പൗര സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്), ഭാരതീയ തെളിവ് നിയമം (ബി.എസ്.എ) എന്നിവയാണ് നടപ്പാക്കുന്നത്.