Kerala

കരുവന്നൂര്‍: അക്കൗണ്ടുകള്‍ മരവിപ്പിച്ച ഇ.ഡി നടപടി സ്ഥിരീകരിച്ച് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്

തൃശ്ശൂര്‍: കരുവന്നൂരിലെ ഇഡി നടപടിയിൽ അക്കൗണ്ടുകൾ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും സമ്മതിച്ച് സിപിഎം വാർത്താ കുറിപ്പ് ഇറക്കി. പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസിനായി വാങ്ങിയ 4.66 സെന്റ് സ്ഥലവും വർഷങ്ങൾ പഴക്കമുള്ള രണ്ട് സ്ഥിര നിക്ഷേപങ്ങളും മരവിപ്പിച്ചെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് വാർത്താ കുറിപ്പിറക്കി. ഇഡി നടപടിയിൽ ഇതാദ്യമായാണ് സിപിഎമ്മിൻ്റെ ഭാഗത്ത് നിന്ന് പ്രതികരണം വരുന്നത്.

നേരത്തെ, കാര്യങ്ങൾ അറിയില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ഇഡി നടപടിയെ നിയമപരമായി നേരിടുമെന്ന് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പിൽ പറയുന്നു.

കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണ്. ക്രമക്കേട് നടത്തിയ ചിലരെ മാപ്പുസാക്ഷിയാക്കി അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഉപയോഗിച്ച് സി.പി.എം വിരുദ്ധ രാഷ്ട്രീയം കളിക്കുകയാണ്. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

സി.പി.എമ്മിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചും നാല് സെന്റ് സ്ഥലം കണ്ടുകെട്ടിയത് അനാവശ്യ നടപടിയാണ്. ഇലക്ടറല്‍ ബോണ്ടിനെതിരെ ശക്തമായ നിലപാടെടുത്തതുകൊണ്ടാണ് സി.പി.എമ്മിനെ വേട്ടയാടുന്നത്. കൊടകര കുഴല്‍പ്പണക്കേസും കൊടുങ്ങല്ലൂരിലെ കള്ളനോട്ടടിയുമൊന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാന്‍ തയാറാകുന്നില്ല. രണ്ടു കേസിലും സംസ്ഥാന പൊലീസ് ഔദ്യോഗികമായി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികള്‍ ബി.ജെ.പിക്കാര്‍ ആയതുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ ഈ കേസുകള്‍ അന്വേഷിക്കാത്തതെന്നും സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പിലൂടെ ആരോപിച്ചു.