മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്, ഈ സാഹചര്യത്തിൽ എല്ലാവരും ആശങ്കയിലും ആണ്. പേടിക്കേണ്ടതില്ല കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ആദ്യം എന്താണ് മഞ്ഞപ്പിത്തം എന്ന് നോക്കാം.ശുചിത്വം ഇല്ലായ്മയാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് പകരുന്നതിന് പ്രധാന കാരണം. രോഗം ബാധിച്ച വ്യക്തിയുടെ മലത്തില്‍ ധാരാളം വൈറസുകള്‍ ഉണ്ട്. രോഗി തുറസായ സ്ഥലങ്ങളില്‍ മലവിസര്‍ജ്ജനം നടത്തുന്നത് അപകടമാണ്.
രക്തത്തിലെ ബിലിറുബിന്റെ അളവ് ക്രമാതീതമായി ഉയരുന്നതാണ് മഞ്ഞപ്പിത്തം.
കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകർച്ചവ്യാധിയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്. ഗുരുതരമായാൽ ഇത് മരണത്തിന് വരെ കാരണമാകാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് A, B, C, D, E എന്നിങ്ങനെയുള്ള വ്യത്യസ്ത വൈറസ് അണുബാധയാണ് . രോഗ ഹേതുവെങ്കിലും വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന (fecal-oral transmission, ഹെപ്പറ്റൈറ്റിസ് A വിഭാഗത്തിൽപെട്ട) വൈറസ് അണുബാധയാണ് മുഖ്യമായും നമ്മുടെ നാട്ടിൽ കാണുന്ന മഞ്ഞപ്പിത്തത്തിന്റെ കാരണം.
ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാത്തതാണ് പലപ്പോഴും രോഗത്തെ ഗുരുതരമാക്കുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ ത്വക്കും, കണ്ണും മഞ്ഞ നിറത്തിലാവുക, ഛർദി, ഓക്കാനം, പനി, ക്ഷീണം, വയറ് വേദന, മൂത്രത്തിലെ നിറം മാറ്റം തുടങ്ങിയവയാണ്. സ്വയം ചികിത്സ രോഗിയുടെ ജീവന് തന്നെ ഭീഷണി ആകാവുന്നതിനാൽ രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചികിത്സ തേടേണ്ടതാണ്.
രോഗം വന്നാൽ
മഞ്ഞപ്പിത്തം വന്നാൽ എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. പഴങ്ങളും, പച്ചക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും, തിളപ്പിച്ചാറിയ വെള്ളം ധാരാളമായി കുടിക്കുകയും ചെയ്യണം.
അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കുറയ്ക്കുക, തണുത്തതും തുറന്ന് വെച്ചതുമായ ആഹാര പദാർത്ഥങ്ങൾ ഒഴിവാക്കുക, ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപ് കൈകൾ വൃത്തിയായി കഴുകുക എന്നീ ശീലങ്ങൾ പാലിക്കണം.
രോഗ പ്രതിരോധ മാർഗങ്ങൾ
1. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
2. ആഹാരത്തിന് മുൻപും ശേഷവും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
3. മലമൂത്ര വിസർജ്ജനം കക്കൂസിൽ മാത്രം നടത്തുക.
4. ശീതള പാനീയങ്ങൾ, സംഭാരം, ഐസ്ക്രീം എന്നിവ ശുദ്ധ ജലത്തിൽ മാത്രം തയ്യാറാക്കുക.
5. കുടിവെള്ള സ്രോതസ്സുകളിലും, കിണറുകളിലും ക്ളോറിനേഷൻ നടത്തുക.
6. നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക.
7. കുടിവെള്ളവും ആഹാര സാധനങ്ങളും ഈച്ച കടക്കാത്ത വിധം എപ്പോഴും അടച്ചു സൂക്ഷിക്കുക.
8. പച്ചക്കറികളും പഴവർഗങ്ങളും നല്ലവണ്ണം കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
9. കിണർ വെള്ളം മലിനപ്പെടാനുള്ള സാധ്യത ഒഴിവാക്കുക.
10. വീടും പരിസരവും മാലിന്യങ്ങൾ കുമിഞ്ഞു കൂടാതെ വൃത്തിയായി സൂക്ഷിച്ച് ഈച്ച പെരുകുന്നത് തടയുക.
അതീവ ജാഗ്രത പുലര്‍ത്തേണ്ട രോഗമാണിത്. മഞ്ഞപ്പിത്തത്തിലെ ഏറ്റവും അപകടകാരിയായ വൈറസാണ് ഹെപ്പറ്റൈറ്റിസ് ബി. ലോകത്താകമാനം 200 കോടിയിലേറെ ആളുകള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചിട്ടുണ്ട്.
ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്ന സ്വഭാവമാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസിന്റേത്. കരള്‍ കാന്‍സറിന് ഒരു പ്രധാന വഴിക്കാട്ടിയാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസ്. ചില വ്യക്തികളില്‍ കരള്‍ വീക്കത്തിനൊപ്പം കടുത്ത മഞ്ഞപ്പിത്തം പ്രത്യക്ഷപ്പെടുകയും പിന്നീട് അത് മാറുകയും ചെയ്യുന്നു.
എന്നാല്‍ ഭൂരിഭാഗം വ്യക്തികളിലും രോഗലക്ഷണമൊന്നും കാണിക്കാതെ രോഗം പുരോഗമിക്കുന്നു. ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്ന ഈ അവസ്ഥ ഭാവിയില്‍ കരള്‍ കാന്‍സറിനും സിറോസിസിനും വഴി തെളിക്കുന്നു.
രോഗലക്ഷണങ്ങളൊന്നും കാണിക്കില്ല എന്നതാണ് ഹെപ്പറ്റൈറ്റിസ് ബി യുടെ പ്രത്യേകത. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച അഞ്ച് ശതമാനത്തിലധികം രോഗികളിലും വൈറസുകള്‍ ശരീരത്തില്‍ തങ്ങിനില്‍ക്കുന്നു. ഇത് ഭാവിയില്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നു.
Content highlight :Jaundice followed by rainy season