തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും പ്രവേശനമില്ലെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പ്രവര്‍ത്തനശൈലിയും ഭരണവീഴ്ചകളും അധികാരം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനു യോഗം അന്ത്യശാസനവും നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ല. സാധാരണ മനുഷ്യർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവേശന വിലക്ക്. മുൻപ് പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോൾ അതിനും സാധിക്കില്ല. മൂന്നുമണിക്ക് ശേഷം ജനങ്ങൾക്ക് കാണാനുള്ള അനുവാദവും ഇപ്പോഴില്ല. മുഖ്യമന്ത്രി പാർട്ടി പ്രവർത്തകരുടെ മുന്നിൽ ഇരുമ്പുമറ തീർക്കുന്നത് എന്തിനെന്നും ചോദ്യമുയർന്നു.
മാധ്യമങ്ങളെ എതിരാക്കിയതിലും വിമര്‍ശനമുണ്ടായി. പാര്‍ട്ടി നേതൃത്വം മാധ്യമങ്ങളെ ശത്രുപക്ഷത്താക്കി. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് എന്തിനാണ്? എല്ലാ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പാര്‍ട്ടി വിരുദ്ധരല്ല. പക്ഷേ, നേതൃത്വം ഏകപക്ഷീയമായി മാധ്യമങ്ങളെ എതിരാക്കി മാറ്റുന്നു. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. മാധ്യമങ്ങളെ ശരിയായ രീതിയില്‍ അഭിമുഖീകരിക്കണമെന്നും ശത്രുപക്ഷത്താക്കരുതെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.