കോഴിക്കോട്: പാർട്ടിയിൽ തെറ്റായ ഒരു പ്രവണതയേയും വെച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെറ്റായ പ്രവണതകളും രീതികളും പാർട്ടിയിലെ ഏത് ഘടകത്തിലായാവും അംഗീകരിക്കില്ലെന്നും തെറ്റായ നിലപാട് സ്വീകരിച്ചവർക്ക് പാർട്ടിയിൽ പിന്നെ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിലെ സി.ജി. അനുസമരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങൾക്ക് കൊടുത്തു തീർക്കാനുള്ള മുഴുവൻ ബാധ്യതയും ഇടതുപക്ഷ മുന്നണിക്ക് കൈകാര്യം ചെയ്ത് മുന്നോട്ടുപോകേണ്ടി വരും. സർക്കാർ ആ നിലപാട് സ്വീകരിക്കും. സർക്കാരും പാർട്ടിയും ചേർന്ന് ഇത്തരത്തിലുള്ള വർഗ കാഴ്ചപ്പാടോടുകൂടി കേരളത്തെ മുന്നോട്ടു നയിക്കും. അതിനാവശ്യമായ പ്രവർത്തനങ്ങളുമായാണ് മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് ജനങ്ങളിലേക്ക് കടന്ന് ജനങ്ങളിൽനിന്ന് പഠിക്കും, ഗോവിന്ദൻ പറഞ്ഞു.
കേരളത്തിലെ എൽഡിഎഫിനെ അകറ്റാനായിരുന്നു ബിജെപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ശ്രമിച്ചത്. രണ്ടുകൂട്ടരുടെയും ശത്രു സിപിഐഎം ആണ്. കോൺഗ്രസ്-ബിജെപി ഐക്യധാര രൂപപ്പെട്ടു. കോൺഗ്രസ് വോട്ടുകൾ ചോർന്നു. 1.75 ശതമാനം വോട്ട് എൽഡിഎഫിന് കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അതിനു കാരണം എല്ലായിടത്തും ഇന്‍ഡ്യ മുന്നണിയാണ്. മതനിരപേക്ഷ മനോഭാവമുള്ളവരും മുസ്ലീം വിഭാഗവും ബിജെപിയെ പരാചയപ്പെടുത്താൻ കോൺഗ്രസിന് സാധിക്കുമല്ലോ എന്ന് ചിന്തിച്ചു. അവിടെയാണ് പരിമിതി ഉണ്ടായത്. യുഡിഎഫിന് നേട്ടം ഉണ്ടായത് ജമഅത്തെ ഇസ്ലാമി, എസ്ഡിപിഐ ഉൾപ്പെടെ തീവ്രവാദ സംഘനാ വോട്ടുകൾ കിട്ടിയത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിൻ്റെ സാമ്പത്തിക പരാധീനതയും തിരിച്ചടിയായി. ബിജെപി വോട്ട് വളർച്ചയുണ്ടാക്കി. എല്ലാ ബൂത്തിലും വോട്ട് നഷ്ടപ്പെട്ടു. അത് ഗൗരവമുള്ള പ്രശ്നമാണ്. യുഡിഎഫിൽ പോയ വോട്ട് തിരിച്ചുവരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തൃശൂരിൽ ബിജെപി ജയിക്കാൻ കാരണം വ്യക്തമാണ്. ഒല്ലൂരിൽ ഉൾപ്പെടെ ക്രിസ്ത്യൻ വോട്ടുകൾ നഷ്ടമായി. കോൺഗ്രസ് പാരമ്പര്യ വോട്ടുകളാണ് ചോർന്നത്. 86000 വോട്ടുകൾ കോൺഗ്രസിന് ചോർന്നു. നിരവധി മണ്ഡലങ്ങളിൽ കോൺഗ്രസിന് വോട്ട് കുറഞ്ഞു. ബിജെപിക്ക് കോൺഗ്രസ് വോട്ടുകൾ കിട്ടി. തൃശൂരിൽ തങ്ങളുടെ വോട്ടും ചോർന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സമ്മതിച്ചു.
ക്രിസ്ത്യൻ വോട്ട് ഉൾപ്പെടെ ബിജെപിക്ക് യുഡിഎഫ് അനുകൂലമാക്കി.11 മണ്ഡലങ്ങളിൽ ബിജെപി ഭൂരിപക്ഷമുണ്ടായി.11ലും കോൺഗ്രസിന് ആയിരക്കണക്കിന് വോട്ട് കുറവുണ്ടായി. ചിത്രം മാറും. എൽഡിഎഫിന് ഒരു സീറ്റും ഇല്ലാത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിയിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. എന്തടിസ്ഥാനത്തിലാണ് അക്കൗണ്ട് കണ്ട് കെട്ടുകയെന്ന് ചോദിച്ച എംവി ഗോവിന്ദൻ പാൻ കാർഡിലെ ഒറ്റ അക്കം വെച്ചാണ് ഇഡിയും ഇന്‍കം ടാക്സും കളിച്ചതെന്നും ആരോപിച്ചു.