കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. ഭ്രാന്തുള്ളവർക്ക് എംപിയോ എംഎൽഎയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാൽ ഭ്രാന്തുള്ളവർ ഗവർണർ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്നുമാണ് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞത്.
വെദേശിക ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് കേരളത്തിലെ സി.പി.എം. എന്ന ഗവര്‍ണറുടെ മുന്‍കാല പരാമര്‍ശത്തെ വിമര്‍ശിക്കവേ ആയിരുന്നു സ്വരാജിന്റെ വാക്കുകള്‍. ആരിഫ് മുഹമ്മദ് ഖാൻ ഭാവിയിൽ കേരള ഗവർണറാകുമെന്ന ദീർഘ വീക്ഷണത്തോടെ വകുപ്പ് ഒഴിവാക്കിയതാണോയെന്ന് നമുക്ക് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എയും എം.പിയും അതുവഴി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും സ്പീക്കറും ഒക്കെ ആയി, ചുമതലകള്‍ നിര്‍വഹിക്കണമെങ്കില്‍ ചില യോഗ്യതകള്‍ വേണം. അക്കാര്യം ഭരണഘടനയില്‍ കൃത്യമായി പറയുന്നുണ്ട്. ആ യോഗ്യതകളില്‍ ഒരു യോഗ്യത, സ്ഥിരബുദ്ധിയുണ്ടായിരിക്കണം. ചിത്തഭ്രമം ഉണ്ടായിരിക്കാന്‍ പാടില്ല, ഭ്രാന്തുണ്ടാവന്‍ പാടില്ല എന്നതാണ്. എന്നാല്‍ ഈ നിബന്ധന ഇല്ലാത്ത ഒരേയൊരു സ്ഥാനം മാത്രമേ ഇന്ത്യന്‍ ഭരണഘടനയിലുള്ളൂ, അത് ഗവര്‍ണറുടേതാണ്. ഗവര്‍ണര്‍ ആകണമെങ്കില്‍ ഈ നിബന്ധനയില്ല. അത് വളരെ കൗതുകകരമായി തോന്നി. ഒരുപക്ഷേ കോണ്‍സ്റ്റിറ്റിയൂട്ട് അസംബ്ലിയിലെ ദീര്‍ഘവീക്ഷണം ഉള്ള ആളുകള്‍ ഭാവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ ഗവര്‍ണര്‍ ആകുമെന്ന് കരുതിയിട്ടോ മറ്റോ ഈ വകുപ്പ് ഒഴിവാക്കിയതാണോ എന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. ഗവര്‍ണര്‍ ആകാന്‍ 35 വയസ്സ് തികയണമെന്നേ പറഞ്ഞിട്ടുള്ളൂ ഗവര്‍ണറുടെ കാര്യത്തില്‍, സ്വരാജ് പറഞ്ഞു.