പെര്‍മിറ്റ് ഇല്ലാതെ പലസ്തീന്‍ അനുകൂല പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തില്‍ കുറ്റാരോപിതരായ ഇന്ത്യന്‍ വംശജര്‍ക്ക് കേരളത്തിലേക്ക് വരാനുളള അനുമതി നല്‍കി സിംഗപ്പൂര്‍ കോടതി. അണ്ണാമലൈ കോകില, പാര്‍വതി എന്നിവര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പെര്‍മിറ്റ് ഇല്ലാതെ പലസ്തീന്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധം നടത്തിയിരുന്നു. സിംഗപ്പൂരിലെ നിയമം അനുസരിച്ച് പ്രതിഷേധം നടത്തുന്നതിന് അതോറിറ്റിയുടെ അനുമതി നിര്‍ബന്ധമാണ്.
നിലവില്‍ ജാമ്യത്തിലുള്ള പാര്‍വതി തന്റെ മുത്തശ്ശിമാരെ സന്ദര്‍ശിക്കാന്‍ കേരളത്തിലേക്ക് പോകാനുളള അനുമതിക്കായി അപേക്ഷിച്ചിരുന്നതായി ദി സ്‌ട്രെയിറ്റ്‌സ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി വ്യവസ്ഥകള്‍ ചുമത്തിയാണ് പാര്‍വതിയുടെ അപേക്ഷ ജില്ലാ ജഡ്ജി ലോറൈന്‍ ഹോ അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പബ്ലിക് ഓര്‍ഡര്‍ ആക്ട് പ്രകാരം നിരോധിത പ്രദേശത്ത് പൊതു ജാഥ സംഘടിപ്പിക്കാന്‍ പ്രേരിപ്പിച്ചതിന് പാര്‍വതിയ്ക്കൊപ്പം മറ്റ് രണ്ട് പേര്‍ക്കെതിരെയും ജൂണ്‍ 27 ന് കുറ്റം ചുമത്തിയിരുന്നു.
പ്രതിഷേധങ്ങള്‍ക്ക് കര്‍ശനമായി നിയന്ത്രണമുളള രാജ്യമാണ് സിംഗപ്പൂര്‍. മറ്റ് രാജ്യങ്ങളുടെ പേരിലുളള പൊതു പ്രകടനങ്ങള്‍ ഇവിടെ അനുവദനീയമല്ല. ഗണ്യമായ മുസ്ലിം ജനസംഖ്യയുള്ളതും ഇസ്രായേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതുമായ സിറ്റിയെ സംബന്ധിച്ചിടത്തോളം ഗാസയിലെ യുദ്ധം സെന്‍സിറ്റീവായൊരു വിഷയം മാത്രമാണ്. ഈ വിഷയത്തില്‍ പ്രതിഷേധം നടത്തരുതെന്ന് അധികാരികള്‍ സിംഗപ്പൂരുളളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ചില ചെറുപ്പക്കാര്‍, ഓണ്‍ലൈനില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാറുണ്ട്.