Bahrain

ബഹ്‌റൈനില്‍ കനത്ത ചൂട്; തൊഴിലിടങ്ങളിലെ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്ല്യത്തില്‍-The ministry has imposed labor restrictions due to the intense summer in Bahrain

മനാമ: ബഹ്‌റൈനില്‍ വേനല്‍ചൂട് രൂക്ഷമായതിനാല്‍ തൊഴില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി മന്ത്രാലയം. ഇന്ന് മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിമുതല്‍ നാലുമണിവരെയാണ് ഉച്ചവിശ്രമസമയം. ആഗസ്റ്റ് 31 വരെ ഈ നിയന്ത്രണം തുടരും. തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ ആണ് വിവരം അറിയിച്ചത്.

നിയമലംഘനം പരിശോധിക്കാനായി ഇന്‍സ്പെക്ടര്‍മാരെ ചുമതലപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു. പരിശോധനയില്‍ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ മൂന്നു മാസം വരെ തടവോ 500 ദിനാര്‍ മുതല്‍ 1,000 ദിനാര്‍വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. കഠിനമായ വേനല്‍ ചൂടില്‍ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുന്നതിലൂടെ ഉത്പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കലും അതോടൊപ്പം തൊഴിലാളിയുടെ ആരോഗ്യം മെച്ചപ്പെടുത്തലുമാണ് ലക്ഷ്യമിടുന്നത്.

ഉച്ചയ്ക്ക് 12 മണിമുതല്‍ നാലുമണിവരെ തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നതാണ് നിയമം. ഈ നിയമം ലംഘിക്കുന്ന തൊഴിലാളികള്‍ക്കെതിരെയും നടപടിയുണ്ടാകും. ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയിട്ടുള്ള സമയത്ത് തൊഴിലെടുപ്പിച്ചാല്‍ ആ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. നിയന്ത്രണം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കു മാത്രം ബാധകമായ ഒന്നല്ലെന്നും പുറത്ത് സൂര്യതാപം നേരിടുന്ന ഏതു ജോലി ചെയ്യുന്നവര്‍ക്കും ഇളവ് ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു.

Latest News