ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയ്ക്ക് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. നീറ്റ് പരീക്ഷാ വിവാദം അടക്കുള്ള വിഷയങ്ങളിൽ മോദി എന്ത് നിലപാട് സ്വീകരിക്കും എന്നറിയാനാണ് രാജ്യത്തിന്റെ കാത്തിരിപ്പ്.
രാഹുലിന്റെ ഒന്നര മണിക്കൂറിലേറെ നീണ്ട ഇന്നലത്തെ പ്രസംഗം ബിജെപിയെ പ്രതിരോധത്തിൽ ആക്കിയതോടെ ശക്തമായ മറുപടിയാകും പ്രധാനമന്ത്രിയിൽ നിന്ന് ഇന്ന് ഉണ്ടാവുക. രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ ചില പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് രാഹുൽ വിളിച്ചു എന്നാണു ബിജെപി ആരോപണം.
ഇന്ന് വൈകുന്നേരം ലോക്‌സഭയിലും നാളെ രാജ്യസഭയിലും മോദി പ്രസംഗിക്കും. 16 മണിക്കൂർ നീളുന്ന ചർച്ചയിൽ ബി.ജെ.പിയിൽനിന്ന് അനുരാഗ് സിങ് ഠാക്കൂർ രാവിലെ സംസാരിക്കും. അഗ്‌നിവീർ, കർഷകരുടെ മരണം, താങ്ങ് വില തുടങ്ങിയ വിഷയങ്ങളിലാണ് കോൺഗ്രസ് മറുപടി ആഗ്രഹിക്കുന്നത്. നീറ്റ് പരീക്ഷ അവതാളത്തിലാക്കിയത് എൻ.ടി.എയുടെ പിടിപ്പുകേട് ആണെന്ന് ഇതിനകം പുറത്ത് വന്നു. മോദി ഈ വിഷയത്തിൽ സ്വീകരിക്കുന്ന നടപടി ഏറെ ശ്രദ്ധേയമാകും.
കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായാണ് പ്രതിപക്ഷ നിരയിലെ നേതാവ് പ്രസംഗിക്കുമ്പോൾ മോദി തടസ്സപ്പെടുത്താനായി എഴുന്നേറ്റത്. ഇന്ന് ലോക്‌സഭയിൽ പ്രസംഗം പൂർത്തിയാക്കുന്ന മോദി നാളെ രാജ്യസഭയിൽ പ്രസംഗിക്കുന്നതോടെടെ ഈ സെഷൻ പൂർത്തിയാകും. രാജ്യസഭാംഗങ്ങളായി പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.