കോഴിക്കോടിന്റെ പ്രൗഢിയുടെ ഭാഗമായ സ്ഥലമാണ് മിഠായിത്തെരുവ്. ഇവിടേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ നിരവധിയാണ്. അവരെ കടകളിലേക്ക് വലിച്ചുകയറ്റാൻ ശ്രമിക്കുന്ന കച്ചവടക്കാരും മിഠായിത്തെരുവിലെ പതിവ് കാഴ്ചയാണ്. എന്നാൽ ഇനി ഇങ്ങനെ വലിച്ചുകയറ്റാൻ ശ്രമിച്ചാൽ പിടിവീഴും. ആളുകളെ ശല്യം ചെയ്ത് കടകളിലേക്ക് വിളിച്ചു വരുത്തിയാൽ കേസെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം മിഠായിത്തെരുവിൽ വച്ചുണ്ടായ ദുരനുഭവം യുവതി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചതിനെ തുടർന്നാണ് നടപടി ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചത്. മിഠായിത്തെരുവിലേക്ക് എത്തുന്നവരെ വഴിനടക്കാൻ വിടാതെ വിളിച്ചു കയറ്റി കൊണ്ടുപോകുന്നത് നല്ല പ്രവണതയല്ലെന്നും ഇത് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും യുവതി പരാതിപ്പെട്ടിരുന്നു.
കച്ചവടക്കാരുടെ ഇത്തരം പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. പിഴയും കേസും ഉൾപ്പെടെയുള്ള നിയമ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.