Kerala

പ്രശസ്ത സംവിധായകന്‍ എസ്. സുധീര്‍ അന്തരിച്ചു\ Famous director S. Sudhir passed away

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പടിഞ്ഞാറേക്കോട്ട ചെമ്പകശ്ശേരി മഠത്തില്‍ ലെയ്ന്‍ കാലുപറമ്പില്‍ എസ്. സുധീര്‍ ബോസ്(53) അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്നായിരുന്നു മരണം. കരള്‍ രോഗബാധയെത്തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. സിനിമാ നിര്‍മാതാക്കളായ സുധാദേവി ഫിലിംസ് ഉടമ എസ്. സുധാദേവിയുടെയും പരേതനായ വി.കേശവന്‍ നായരുടെയും മകനാണ് സുധീര്‍. പ്രമുഖ സംവിധായകരുടെ അസോസിയേറ്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കലാഭവന്‍ മണി, മുകേഷ്, രംഭ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2008-ല്‍ ‘കബഡി കബഡി’ എന്ന ചിത്രം സുഹൃത്ത് മനു ശ്രീകണ്ഠപുരത്തിനൊപ്പം ചേര്‍ന്ന് സുധീര്‍ ബോസ് സംവിധാനം ചെയ്തിട്ടുണ്ട്.

അതിലൂടെ സ്വതന്ത്ര സംവിധായകനായി. കലാഭവന്‍ മണിയുടെ പ്രശസ്തമായ ‘മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ’ എന്ന ഗാനം ആദ്യമായി വന്നത് ‘കബഡി കബഡി’യിലൂടെയായിരുന്നു. പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്ത പുത്തൂരംപുത്രി ഉണ്ണിയാര്‍ച്ച, അലി അക്ബറിന്റെ ബാംബൂ ബോയ്സ്, ദീപന്‍ സംവിധാനം ചെയ്ത താന്തോന്നി തുടങ്ങിയ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. സിനിമ എഡിറ്റിംഗില്‍ ശങ്കുണ്ണിയുടെ അസിസ്റ്റന്റായിരുന്നു. രണ്ടു വര്‍ഷം മുന്‍പു വരെ സിനിമാരംഗത്ത് സജീവമായിരുന്നു. ബാലയുമായി ചേര്‍ന്ന് ഒരു സിനിമ ചെയ്യുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു. നിരവധി ഷോര്‍ട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്.

ഉന്നം എന്ന ഷോര്‍ട്ട് ഫിലിമാണ് ഒടുവില്‍ ചെയ്തത്. നടന്‍ ബാലയുമായി ചേര്‍ന്ന് ഒരു സിനിമ ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും നീണ്ട ഇടവേളയ്ക്കുശേഷം സംവിധായകന്റെ കുപ്പായമണിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ജേസി, തമ്പി കണ്ണന്താനം, ക്യാപ്റ്റന്‍ രാജു, ഈസ്റ്റ് കോസ്റ്റ് വിജയന്‍ തുടങ്ങി നിരവധി സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ചു. സ്വന്തം യുട്യൂബ് ചാനലിലൂടെ ഹ്രസ്വചിത്രങ്ങള്‍ സംവിധാനംചെയ്തു പുറത്തിറക്കിയിരുന്നു. സഹോദരന്‍: കെ.എസ്.സുധീന്ദ്ര ബോസ്(ബജാജ് ഫിനാന്‍സ്, ഏരിയ മാനേജര്‍). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.

 

content highlights; Famous director S. Sudhir passed away