പെരുമ്പാവൂര്‍: അഞ്ചുവയസുകാരന് ഗൗരീഷിന്റെ കുഞ്ഞു മനസ്സുനിറയെ വാഹനങ്ങളോടുള്ള ഇഷ്ടമാണ്. നിരത്തില്‍ക്കാണുന്ന
ഇന്ത്യന്‍ വാഹനമായാലും വിദേശനിര്‍മ്മിത വാഹനമായാലും അതിന്റെ ലോഗോയിലാണ് അവന്റെ ശ്രദ്ധ ആദ്യം ചെന്നെത്തുന്നത്. കാര്‍ ബ്രാന്റുകളോടാണ് ഏറെ പ്രിയം.
ലോകത്തിലെ ഏതു വാഹനനിര്‍മ്മാണക്കമ്പനിയുടെയും ലോഗോ ഗൗരീഷിന് മനഃപ്പാഠമാണ്. ലോകത്തിലെ ഏതുവാഹനത്തിന്റെയും ലോഗോ കണ്ടാലുടന്‍ വാഹനമേതെന്ന് പറയാനുള്ള ഈ കൊച്ചു മിടുക്കന്റെ കഴിവിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ലഭിച്ചിരിക്കുകയാണ്.
ലാപ്ടോപ്പില്‍ പ്രദര്‍ശിപ്പിച്ച 110 കാര്‍ബ്രാന്റുകള്‍ ഒരു മിനുട്ട് മുപ്പത് സെക്കന്റുകൊണ്ട് തിരിച്ചറിഞ്ഞു പറഞ്ഞതിനാണ് തൊടാപ്പറമ്പ് വ്യാസവിദ്യാനികേതന്‍ സ്കൂളില്‍ യു.കെ.ജിയില്‍ പഠിയ്ക്കുന്ന ഗൗരീഷിന് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് കിട്ടിയത്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ചീഫ് എഡിറ്റര്‍ ഡോ. ബിശ്വരൂപ് റോയ് ചൗധരിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റും മെഡലും ലഭിച്ചു. പെരുമ്പാവൂരില്‍ ചാവിക്കട നടത്തുന്ന മാവേലിപ്പടി മാണിയ്ക്കത്ത് ഭാഗ്യനാഥിന്റെയും കീര്‍ത്തനയുടെയും മകനാണ്. മൂന്നു വയസ്സുള്ള നക്ഷത്രയാണ് സഹോദരി.