Kerala

വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായ യുവതിക്കായ് തെരച്ചില്‍: കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന് മൊഴി/Search for missing woman years ago: Statement that she was killed and dumped in a septic tank

പതിനഞ്ചു വര്‍ഷം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളെ പോലീസ് അറസ്റ്റു ചെയ്തു. മാവേലിക്കര മാന്നാര്‍ സ്വദേശിനിയായ കല എന്ന യുവതിയാണ് കൊലചെയ്യപ്പെട്ടത്. കാണാതാകുമ്പോള്‍ ഇവര്‍ക്ക് 27 വയസ്സായിരുന്നു. സംശയത്തെ തുടര്‍ന്ന് അഞ്ചുപേരെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇവര്‍ പോലീസിനു നല്‍കതിയ മൊഴി അനുസരിച്ച് കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടെന്നാണ്.

മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ കൊന്ന് കുഴിച്ചിട്ടെന്നാണ് സൂചന. പൊലീസ് ഇവിടെ പരിശോധന നടത്തുകയാണ്. കലയുടെ ഭര്‍ത്താവ് ഇസ്രയേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇരു സമുദായത്തിലുള്ള കലയും ഭര്‍ത്താവ് അനിലും പ്രണയിച്ച് വിവാഹിതരായവരാണ്. അനിലിന്റെ ബന്ധുക്കള്‍ക്ക് വിവാഹത്തില്‍ താല്‍പര്യമില്ലാതിരുന്നതിനാല്‍ ബന്ധുവീട്ടിലാണ് വിവാഹശേഷം കലയെ താമസിപ്പിച്ചിരുന്നത്. കലയെ ഇവിടെ നിര്‍ത്തിയശേഷം ഭര്‍ത്താവ് പിന്നീട് അംഗോളയിലേക്ക് ജോലിക്കുപോയി. എന്നാല്‍ കലയ്ക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് ചിലര്‍ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

വഴക്കിനെത്തുടര്‍ന്ന് കല വീട്ടിലേക്ക് തിരികെപ്പോകാന്‍ തുനിഞ്ഞപ്പോള്‍ മകനെ തനിക്കുവേണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. പിന്നീട് നാട്ടിലെത്തിയ ശേഷം കലയുമായി സംസാരിക്കുകയും കാര്‍ വാടകയ്‌ക്കെടുത്ത് കുട്ടനാട് ഭാഗങ്ങളില്‍ യാത്ര പോകുകയും ചെയ്തു. ഇതിനിടെ സുഹൃത്തുക്കളായ അഞ്ചുപേരെ വിളിച്ചുവരുത്തി കാറില്‍വച്ച് കലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടു.

മൂന്നുമാസത്തിനു മുന്‍പ് ഇത് സംബന്ധിച്ച് മാന്നാര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു ഊമക്കത്ത് ലഭിച്ചതോടെയാണ് പൊലീസ് കേസില്‍ അന്വേഷണം തുടങ്ങിയത്. കേസിലെ പ്രതിയായ ഒരാള്‍ നേരത്തെ ഭാര്യയെയും മക്കളെയും അപകടപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.

content highlights;Search for missing woman years ago: Statement that she was killed and dumped in a septic tank