കെ.എസ്. ആര്‍.ടി.സി ജീവനക്കാര്‍ക്ക് സമയത്തിന് ശമ്പളം നല്‍കാത്തത് ഉള്‍പ്പെടെ തൊഴിലാളി ദ്രോഹ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടത്താന്‍ ടിഡിഎഫ് തീരുമാനിച്ചു. ജൂലൈ 5-ാം തീയതി ശമ്പളം നല്‍കിയില്ലെങ്കില്‍ എല്ലാ യൂണിറ്റുകളിലും പന്തം കൊളുത്തി പ്രകടനവും, 6, 8, 9 തീയതികളില്‍ യൂണിറ്റുകളില്‍ സമര പരിപാടികളും, 10-ാം തീയതി നിയമസഭാ മാര്‍ച്ചും നടത്താന്‍ തീരുമാനിച്ചു. ടാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടി.ഡി.എഫ്)സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവിമുന്‍ എംഎല്‍എ യുടെ അദ്ധ്യക്ഷതയില്‍ ചൊവ്വാഴ്ച്ച തമ്പാനൂര്‍ വരദരാജന്‍ നായര്‍ സ്മാരക മന്ദിരത്തില്‍ വച്ച് ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.
ഡി.എ കുടിശ്ശിക അനുവദിക്കുക, 16 ഡ്യൂട്ടി നിബന്ധന അവസാനിപ്പിക്കുക, എന്‍ഡിആര്‍, എന്‍പിഎസ്,എല്‍ ഐ സി എന്നിവ കൃത്യമായി അടയ്ക്കുക, തൊഴിലാളി ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ടി ആവശ്യങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കുള്‍പ്പെടെയുള്ള സമര പരിപാടികളിലേക്ക് നീങ്ങണമെന്നും യോഗം തീരുമാനിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എസ്.ശിവകുമാര്‍ മുന്‍ എംഎല്‍എ , വര്‍ക്കിംഗ് പ്രസിഡന്റ് എം.വിന്‍സന്റ് എംഎല്‍എ , ആര്‍.അയ്യപ്പന്‍, ഡി.അജയകുമാര്‍, റ്റി.സോണി, വി.ജി.ജയകുമാരി, സി.മുരുകന്‍, എം.ഐ.അലിയാര്‍ തുടങ്ങിയ സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു.
content highlights; KSRTC labor violence: TDF to agitation