Travel

ക്ലീഷേ സ്ഥലങ്ങളൊക്കെ വിട്ടേക്ക്; ഇല്ലിക്കല്‍ കല്ലിലേക്ക് ഒരു ട്രിപ്പ് പോയാലോ?-illikkal kallu in kottayam district

പ്രകൃതി കനിഞ്ഞരുളിയ വിനോദ സഞ്ചാര കേന്ദ്രങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ കൊച്ചു കേരളം. 14 ജില്ലകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. വയനാട്ടിലും മൂന്നാറിലും മാത്രമായി യാത്രകള്‍ ചുരുങ്ങുന്ന കാലത്ത്, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന മറ്റിടങ്ങളുമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അത്തരത്തിലൊരു സ്ഥലമാണ് കോട്ടയം ജില്ലയിലെ ഇല്ലിക്കല്‍ കല്ല്. കോടമഞ്ഞാണ് ഇവിടുത്തെ പ്രധാന ആകഷണങ്ങളില്‍ ഒന്ന്. കോടമഞ്ഞ് പാറയെയും കുന്നിനെയും ഒരു വെള്ള മൂടുപടം പോലെ പൊതിഞ്ഞ് സ്വപ്നസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

ഈരാറ്റുപേട്ടയ്ക്ക് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഇല്ലിക്കല്‍ കല്ലിലേയ്ക്ക് ഇന്ന് സഞ്ചാരികളുടെ പ്രവാഹമാണ്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 4000 അടി ഉയരത്തിലാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത്. കുളിരണിയിക്കും കാറ്റും കണ്ണഞ്ചിപ്പിക്കും കാഴ്ചകളുമാണ് ഇല്ലിക്കല്‍ കല്ലിന്റെ സവിശേഷത. നിരവധി അരുവികള്‍ ഇവിടെ കാണാം. ഇവയെല്ലാം ഒന്നുചേര്‍ന്ന് മീനച്ചിലാറായി ഒഴുകുന്നു. മൂന്നു പാറക്കൂട്ടങ്ങള്‍ ചേര്‍ന്നാണ് ഇല്ലിക്കല്‍ കല്ല് ഉണ്ടായത്. ഇതില്‍ ഒന്ന് കൂണിനോട് സാമ്യമുള്ളതിനാല്‍ കുട കല്ല് (കുടയുടെ ആകൃതിയിലുള്ള പാറ) എന്ന പേരിലാണ് അറിയപ്പെടുന്നത്. രണ്ടാമത്തെ കുന്നിന് വശങ്ങളില്‍ ഒരു ചെറിയ കൂനയുള്ളതിനാല്‍ കൂനു കല്ല് (ഹഞ്ച്ബാക്ക് പാറ) എന്നും. ഈ രണ്ട് കല്ലുകള്‍ക്കിടയിലായി ഇരുപത് അടിയോളം താഴ്ചയില്‍ വലിയൊരു വിടവുണ്ട്. ഇവിടെ അരയടി മാത്രം വീതിയുള്ള ഒരു കല്ലുമുണ്ട്. അരുവികളും കാറ്റും മഞ്ഞില്‍ പൊതിഞ്ഞ മലനിരകളുമെല്ലാമായി മനസിനെ കുളിരണിയിപ്പിക്കുന്ന നിരവധി കാഴ്ചകള്‍ ഇവിടെ ഉണ്ട്. മഹാഭാരത കഥകളുമായി ബന്ധമുള്ള സ്ഥലമാണ് ഇല്ലിക്കല്‍ കല്ല് എന്നും പറയപ്പെടുന്നു. വനവാസക്കാലത്ത് പഞ്ചപാണ്ഡവരും പാഞ്ചാലിയും ഇവിടെ താമസിച്ചിരുന്നത്രേ.

മലമുകളില്‍ നിന്ന് നോക്കിയാല്‍ വിദൂര ചക്രവാളത്തില്‍ നേര്‍ത്ത നീലരേഖയായി അറബിക്കടല്‍ കാണാം. ഓറഞ്ചു നിറത്തിലുള്ള സൂര്യന്‍ അസ്തമിക്കുമ്പോള്‍ മറ്റൊരു സൂര്യനെപ്പോലെ ചന്ദ്രന്‍ ഉദിച്ചുയരുന്നത് കാണാന്‍ കഴിയുന്ന പൂര്‍ണ്ണചന്ദ്ര ദിനത്തിലെ സൂര്യാസ്തമയം സംവേദനാത്മകമാണ്. കുന്നിന്‍ മുകളിലെ വലിയ രണ്ടു കല്ലുകള്‍ക്കുമിടയില്‍ 20 അടി താഴ്ച്ചയില്‍ വലിയൊരു വിടവുണ്ട്. അരയടി മാത്രം വീതിയുള്ള നരകപാലം എന്നറിയപ്പെടുന്ന ഭാഗം ഇതാണ്. ഇല്ലിക്കല്‍കല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റ് ആണിത്. നരകപാലം കാണാനും അതിലൂടെ നടക്കാനുമാണ് സഞ്ചാരികള്‍ കൂടുതലും ഇഷ്ടപ്പെടുന്നത്. ഇതുവഴി നടക്കുമ്പോള്‍ കിട്ടുന്ന അനുഭവം കേരളത്തില്‍ മറ്റെങ്ങും ലഭിക്കില്ല. ചില സിനിമകള്‍ക്ക് ഇല്ലിക്കല്‍ ഈ ഭാഗം ലൊക്കേഷനായിട്ടുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവരാണ് ഇവിടെ കൂടുതലും വരാറുള്ളത്. ഇവിടത്തെ ട്രെക്കിങ്ങും കോടമഞ്ഞും തണുപ്പുമൊക്കെ തന്നെയാണ് പ്രധാന ആകര്‍ഷണം.