കളിയിക്കാവിളയില്‍ നടന്ന ദീപു കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സുനില്‍കുമാറിന്റെ മൊഴിയില്‍ ആശയക്കുഴപ്പത്തോടെ പോലീസ്. അമ്പിളി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് സുനില്‍കുമാറിന്റെ മൊഴിയില്‍ വിശ്വസിക്കാതെ കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് പോലീസ്. സര്‍ജിക്കല്‍ ബ്ലൈഡ് നല്‍കിയത് സുനില്‍ തന്നെയാണെന്ന് സമ്മതിച്ചെങ്കിലും കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് സുനില്‍ വ്യക്തമാക്കി. എന്നാല്‍ സുനിലിന്റെ വാക്കുകള്‍ പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല, കാറിനുള്ളില്‍ കയറി ക്ലോറോഫോം മണപ്പിച്ച് ദീപുവിനെ മയക്കിയത് സുനില്‍ എന്നാണ് അമ്പിളി നേരത്തെ നല്‍കിയിരുന്ന മൊഴി. തന്റെ കടയില്‍ നിന്നും സര്‍ജിക്കല്‍ ബ്ലൈഡ് മാത്രമാണ് നല്‍കിയത് അല്ലാതെ ക്ലോറോഫോം നല്‍കിയിട്ടില്ലെന്നും സുനില്‍ മൊഴി നല്‍കി.
സര്‍ജിക്കല്‍ ബ്ലെയ്ഡ് നല്‍കുന്ന സമയത്ത് അമ്പിളി കൊലപാതകത്തിനു ലക്ഷ്യമിടുന്നതായി അറിഞ്ഞിരുന്നില്ലെന്നും മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കേസില്‍ പ്രധാനപ്രതി മലയം സ്വദേശി ചൂഴാറ്റുകോട്ട അമ്പിളിയുടെ അറസ്റ്റിനു പിന്നാലെ ചോദ്യം ചെയ്യാന്‍ തമിഴ്നാട് പൊലീസ് വിളിപ്പിച്ചതോടെ ഒളിവില്‍ പോയ സുനില്‍കുമാര്‍ കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത്. സുനിലിന്റെ സുഹൃത്ത് പ്രദീപിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് കീഴടങ്ങാനുള്ള തീരുമാനം സുനിലിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. കൊലപാതകം നടന്ന 24ന് രാത്രി പാറശാലയില്‍ എത്തിയ അമ്പിളി ആവശ്യപ്പെട്ട പ്രകാരമാണ് സര്‍ജിക്കല്‍ ബ്ലെയ്ഡ് നല്‍കിയതെന്നാണ് സുനില്‍കുമാര്‍ പൊലീസിനോടു പറഞ്ഞത്. കൊലപാതകത്തിനു ലക്ഷ്യമിടുന്ന കാര്യം അപ്പോള്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇരുവരും സുനിലിന്റെ കാറില്‍ കളിയിക്കാവിളയില്‍ എത്തി. ഒരു ജോഡി ഡ്രസ് വാങ്ങി നല്‍കി വൈകിട്ടോടെ അമ്പിളി പറഞ്ഞ സ്ഥളത്ത് എത്തിച്ചു. അവിടെനിന്ന് നെയ്യാറ്റിന്‍കരയ്ക്കു തിരികെ വരുന്ന വഴി മദ്യപാനത്തിനിടെയാണ് രാത്രി കൊലപാതകം നടത്തുമെന്ന് അമ്പിളി പറഞ്ഞത്. അതിനായി കളിയിക്കാവിള എത്തിക്കാനും സംഭവത്തിനു ശേഷം തിരിച്ചു വീട്ടില്‍ എത്തിക്കാനും ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞപ്പോള്‍ മകനെ കൊല്ലുമെന്ന് അമ്പിളി ഭീഷണിപ്പെടുത്തി. സുഹൃത്തായ കേരള പൊലീസിലെ ഉദ്യോഗസ്ഥനെ ഫോണില്‍ ബന്ധപ്പെട്ടു. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വാഹനം കയറ്റാന്‍ ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്നും സുനില്‍ മൊഴിയില്‍ പറയുന്നു. യാത്രയ്ക്കിടെ നെയ്യാറ്റിന്‍കരയില്‍നിന്ന് സുഹൃത്ത് പ്രദീപ് ചന്ദ്രനെ കൂടി കാറില്‍ കയറ്റി. കളിയിക്കാവിളയില്‍ കാത്തുനില്‍ക്കാമെന്ന് ഉറപ്പു നല്‍കി അമ്പിളിയെ അമരവിള ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് പ്രദീപിനൊപ്പം മദ്യപിച്ച ശേഷം ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തു വീട്ടില്‍ പോയി. പിറ്റേന്നാണ് ദീപുവിനെ കൊന്ന വിവരം അറിയുന്നതെന്നും സുനില്‍കുമാര്‍ പൊലീസിനോടു പറഞ്ഞു.
തന്റെ പേരും സംഭവത്തില്‍ വന്നതോടെ ആകെ പരിഭ്രാന്തി പിടിച്ചാണ് ഒളിവില്‍ പോയത് സുഹൃത്ത് പ്രദീപ് ചന്ദ്രനെ പോലീസ് പിടികൂടിയതോടെയാണ് പ്രശ്‌നം ഗുരുതരമാകുമെന്ന് മനസിലാക്കി പോലീസിനു പിടികൊടുത്തതാണെന്ന് സുനില്‍കുമാര്‍ പറഞ്ഞു. കരമന സ്വദേശിയും ക്വാറിയുടമയുമായ ദീപുവിനെ ജൂണ്‍ 24-ാം തീയതി രാത്രിയാണ് കളിയിക്കാവിളയില്‍ കാറില്‍ കഴുത്തറത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദീപുവിന്റെ കാറില്‍ ഉണ്ടായിരുന്ന 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ അമ്പിളി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം നടത്തിയതാണെന്നും പൊലീസ് കരുതുന്നു. പത്തു ലക്ഷത്തില്‍ നിന്നും ബാക്കി വന്ന ഏഴ് ലക്ഷം രൂപ പോലീസ് അമ്പിളിയുടെ ചുഴാറ്റുകോട്ടയിലെ വീട്ടില്‍ നിന്നും പിറ്റേന്നു തന്നെ കണ്ടെത്തിയിരുന്നു. അമ്പിളിയുടെ ഭാര്യയെയും കേസുമാസി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സുനില്‍കുമാര്‍ പാര്‍ട്ണറായ സ്ഥാപനത്തില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ മിന്നല്‍പ്പരിശോധന. സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസെടുക്കുകയും. സ്റ്റോപ്പ് മെമ്മേ നല്‍കുകയും ചെയ്തു. ദീപുവിനെ കൊലപ്പെടുത്താനുപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡ് നല്‍കിയ സുനില്‍കുമാര്‍ പാറശ്ശാലയിലെയും നെയ്യാറ്റിന്‍കരയിലെയും ബ്രദേഴ്സ് സര്‍ജിക്കല്‍സ് എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരില്‍ ഒരാളാണ്. ഈ സാഹചര്യത്തിലാണ് ഡ്രഗ്സ് കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം ഇക്കഴിഞ്ഞ വെള്ളിയാഴ്ച പരിശോധന നടന്നത്. പാറശ്ശാലയ്ക്കു പുറമേ നെയ്യാറ്റിന്‍കരയിലും ഇവരുടെ സ്ഥാപനം ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്നു. ഇരു സ്ഥാപനങ്ങള്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ അനധികൃതമായി വില്‍പ്പന നടത്തിയതിനാണ് കേസ്. പിടിച്ചെടുത്ത മെഡിക്കല്‍ ഉപകരണങ്ങള്‍ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി.
Sunil had asked his friend the police for help