കോഴിക്കോട് നിന്ന് 40 കിലോമീറ്ററും ബാലുശ്ശേരിയില്‍ നിന്ന് 12 കിലോമീറ്ററും അകലെയാണ് പ്രകൃതിരമണീയമായ വയലട സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കുന്ന് ട്രെക്കിംഗ് പ്രേമികള്‍ക്ക് പ്രിയപ്പെട്ടതാണ്. മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലട, പത്തനംതിട്ടയിലെ ഗവി എന്ന പ്രശസ്തമായ ഹില്‍സ്റ്റേഷന്‍ പോലെ, ചുറ്റും കോടമഞ്ഞും പച്ചപ്പും നിറഞ്ഞതാണ്.
തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് ഏതു സീസണിലും മഞ്ഞും തണുപ്പും ആസ്വദിക്കണമെന്നു തോന്നുമ്പോള്‍ പോകാന്‍ ഗവിയും മൂന്നാറും ഒക്കെയുണ്ട്. എന്നാല്‍ മലബാറുകാരുടെ കാര്യത്തില്‍ അങ്ങനെ സ്ഥലങ്ങളില്ല എന്നാണ് പലരും കരുതുന്നത്. പക്ഷേ വയലടയിലേക്ക് വന്ന് കഴിഞ്ഞാന്‍ ആ പരാതിയൊക്കെ മാറും. കോഴിക്കോടുകാരുടെ ഗവിയെന്നും മലബാറുകാരുടെ ഊട്ടിയെന്നും ഒക്കെ സഞ്ചാരികള്‍ വിളിക്കുന്ന സ്ഥലമാണ് വയലട.
അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കിടയിലുള്ള ഒരു കിലോമീറ്റര്‍ ദൂരമുള്ള ട്രെക്കിംഗ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. മുകളില്‍ എത്തിക്കഴിഞ്ഞാല്‍, ഒരു മാന്ത്രിക വിരുന്നാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. മഴയും കോടമഞ്ഞും മൃദുവായ കാറ്റുമൊക്കെയായി ഒരു പ്രത്യേക അനുഭവം. മൗണ്ട് വയലട വ്യൂപോയിന്റ്, ഐലന്‍ഡ്സ് വ്യൂ മുള്ളന്‍പാറ, കോട്ടക്കുന്ന് വ്യൂപോയിന്റ് എന്നിങ്ങനെ മൂന്ന് വ്യൂപോയിന്റുകളില്‍ നിന്ന് പെരുവണ്ണാമുഴി അണക്കെട്ട്, കൂരാച്ചുണ്ട്, പേരാമ്പ്ര പട്ടണങ്ങള്‍, ചെറുദ്വീപുകള്‍ എന്നിവയുടെ വിശാലമായ കാഴ്ചകള്‍ നമുക്ക് കാണാന്‍ സാധിക്കും.
വയലടയിലേക്ക് വരുന്നവര്‍ സമീപത്തെ മുള്ളന്‍പാറ കൂടി കാണാനുള്ള തയ്യാറെടുപ്പോടെ വരണം. ഈ പാറയുടെ മുകളില്‍ ചെന്നാല്‍ ഭംഗിയാര്‍ന്ന കുറേ കാഴ്ചകള്‍ കാണാം. കാടും മലകളും മാത്രമല്ല. കോഴിക്കോടെ പെരുവണ്ണാമൂഴി റിസര്‍വോയര്‍, കക്കയം ഡാം എന്നിങ്ങനെ ഓരോ സഞ്ചാരിയും കാണാനാഗ്രഹിക്കുന്ന ഇടങ്ങളുടെ ആകാശക്കാഴ്ച ഇതിനു മുകളില്‍ നിന്നു കാണാം. സൂര്യാസ്തമയം കാണാന്‍ സാധിക്കുന്ന സമയത്ത് വേണം ഇവിടേക്ക് വരാന്‍.