Travel

നാഗവല്ലിയുടെ തെക്കിനിയിലേക്ക് ഒരു യാത്ര പോയാലോ?-Hill Palace in thrippunithura

കേരളത്തിലെ തൃപ്പൂണിത്തുറയില്‍ സ്ഥിതി ചെയ്യുന്ന പുരാതന കാലത്തെ ഒരു വലിയ കൊട്ടാരമാണ് ഹില്‍ പാലസ്. കൊച്ചി മഹാരാജാവിന്റെ പഴയ വസതിയായിരുന്ന ഈ കൊട്ടാരം 1865-ല്‍ നിര്‍മ്മിക്കുകയും പിന്നീട് സംസ്ഥാന പുരാവസ്തു വകുപ്പ് മ്യൂസിയമാക്കി നവീകരിക്കുകയും ചെയ്തു. പാര്‍ക്ക്, സാംസ്‌കാരിക മ്യൂസിയം, കൂടാതെ ഔഷധഗുണങ്ങളുള്ള അപൂര്‍വ സസ്യങ്ങള്‍ ഉള്‍പ്പെടുന്ന ധാരാളം സസ്യങ്ങളുളള ഒരു പൂന്തോട്ടവും അവിടെ കാണാം.

ഇതിന് പുറമെ എണ്ണച്ചായ ചിത്രങ്ങളും ചുവര്‍ചിത്രങ്ങളും ശില്‍പങ്ങളും കൈയെഴുത്തുപ്രതിമകളും കൊച്ചി രാജകുടുംബത്തിന്റെ വസ്തുക്കളും പാലസില്‍ കാണാന്‍ കഴിയും. വിദൂര കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള പുരാതന സെറാമിക്‌സ്, കുടക്കല്ല് (കല്ലറ), തൊപ്പിക്കല്ല് (ഹൂഡ് സ്റ്റോണ്‍), ലാറ്ററൈറ്റ് സ്മാരകങ്ങള്‍, സിന്ധുനദീതട, ഹാരപ്പ തുടങ്ങിയ പുരാതന നാഗരികതകളില്‍ നിന്നുള്ള തടി സ്മാരകങ്ങളും ഇവിടെ കാണാം. സമകാലിക കലകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗാലറിയും ഇവിടെയുണ്ട്. കൊച്ചി രാജകുടുംബത്തിന്റെ കിരീടവും ആഭരണങ്ങളും ഉള്‍പ്പെടെ അമൂല്യമായ ഒട്ടനവധി വസ്തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പാലിയം ദേവസ്വത്തിന്റെയും പുരാവസ്തു വകുപ്പിന്റെയും നിരവധി അമൂല്യമായ കല്ലുകളും വിലപിടിപ്പുള്ള നാണയങ്ങളും ആഭരണങ്ങളും കിടക്കകളും എപ്പിഗ്രാഫി സാമ്പിളുകളുമെല്ലാം ഇവിടെയുണ്ട്.

മണിച്ചിത്രത്താഴ് എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് ഇവിടം കൂടുതല്‍ പ്രസിദ്ധമായത്. എന്നാല്‍ മൂന്നാം മുറ, പിന്‍ഗാമി, കളിയൂഞ്ഞാല്‍, ഡ്രീംസ്, ഛോട്ടാ മുംബൈ തുടങ്ങി ഒട്ടേറെ ജനപ്രിയ സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഇവിടെയെത്തുന്ന ആളുകളുടെ എണ്ണം ദിനംതോറും കൂടിവരുന്നത് അതിനുള്ള തെളിവാണ്. കൊച്ചി രാജകുടുംബം കേരള സര്‍ക്കാരിന് കൈമാറിയ കൊട്ടാരം 1980- ല്‍ പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയും പിന്നീട് മ്യൂസിയമാക്കി മാറ്റുകയും ചെയ്തു. പിന്നീട്, 1986- ല്‍ ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. തിങ്കള്‍, ദേശീയ/ സംസ്ഥാന അവധി ദിവസങ്ങള്‍ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12.30 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയുമാണ് ഹില്‍ പാലസ് പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്നത്.