Recipe

ചപ്പാത്തിയും കറിയും കഴിച്ച് മടുത്തോ? എങ്കില്‍ പോരെ ചപ്പാത്തി-പനീര്‍ ടിക്ക റോള്‍ തയ്യാറാക്കി നോക്കാം-chappathy paneer roll recipe

മലയാളികള്‍ ഏറെയും ചപ്പാത്തി പ്രേമികള്‍ ആണ്. ബ്രേക്ഫാസ്റ്റിനും ഡിന്നറിനും പോലും ചപ്പാത്തി കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. എന്നാല്‍ ചപ്പാത്തി എല്ലാ ദിവസവും ഒരേ പോലെ കഴിച്ച് മടുത്തവരാണോ നിങ്ങള്‍? എങ്കില്‍ ഒരു വെറൈറ്റി ചപ്പാത്തി  റെസിപ്പിയാണ് ഇന്ന് ഷെയര്‍ ചെയ്യാന്‍ പോകുന്നത്. പനീര്‍ കറിക്കൊപ്പം ചപ്പാത്തി കഴിച്ച് എന്നും ഒരേ പാറ്റേണായി ബോറടിക്കണ്ട. പനീര്‍ ടിക്ക റോള്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

പനീര്‍ ടിക്കാ റോള്‍ തയ്യാറാക്കുന്നതിനായി ആവശ്യമുള്ള ചേരുവകള്‍

  • കാശ്മീരി മുളകുപൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി- അര ടേബിള്‍ സ്പൂണ്‍
  • കുരുമുളകുപൊടി- അര ടേബിള്‍ സ്പൂണ്‍
  • ആവശ്യത്തിന് ഉപ്പ്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
  • തൈര്- രണ്ട് ടേബിള്‍ സ്പൂണ്‍
  • നാരങ്ങാനീര്- ഒരു ടേബിള്‍ സ്പൂണ്‍
  • സണ്‍ഫ്‌ളവര്‍ ഓയില്‍- ഒരു ടേബിള്‍ സ്പൂണ്‍
  • കസൂരി മേത്തി- നാല് ടേബിള്‍ സ്പൂണ്‍
  • പനീര്‍- 200 ഗ്രാം
  • ക്യാപ്‌സിക്കം- ഒന്ന്
  • സവാള- ഒന്ന്

ഇനി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം;

ആദ്യം പനീറിന് ആവശ്യമായുള്ള മസാലകള്‍ തയ്യാറാക്കാം. അതിനായി ഒരു ടേബിള്‍സ്പൂണ്‍ കാശ്മീരി മുളകുപൊടി, മഞ്ഞള്‍പൊടി കുരുമുളക് ഉപ്പ് കൂടെ പുളിയില്ലാത്ത തൈരും ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കി എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അല്‍്പം ചെറുനാരങ്ങയുടെ നീരും സണ്‍ഫ്‌ളവര്‍ ഓയിലും കൂടെ ചേര്‍ത്ത് മിക്‌സ് ചെയ്ത് പേസ്റ്റ് പരുവത്തില്‍ ആക്കി എടുക്കുക. ഫ്‌ളേവറിനായി ഒരു ടീസ്പൂണ്‍ കസൂരി മേത്തിയും ആഡ് ചെയ്യാം. ഈ മിശ്രിതത്തിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന പനീര്‍ ചേര്‍ത്ത് കൊടുക്കുക. പനീറിന്റെ എല്ലാ ഭാഗത്തും മസാല പുരളുന്ന രീതിയില്‍ മിക്‌സ് ചെയ്യുക. ശേഷം ഇത് അഞ്ച് മിനിറ്റത്തേക്ക് മാറ്റി വയ്ക്കുക.

5 മിനിറ്റ് കഴിയുമ്പോള്‍ ഒരു പാന്‍ എടുത്തു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് സണ്‍ഫ്‌ലവര്‍ ഓയില്‍ ഒഴിച്ചതിനു ശേഷം പനീര്‍ ഇട്ടുകൊടുക്കുക. പനീറിന്റെ എല്ലാ വശങ്ങളും കൃത്യമായി വേവിച്ചെടുക്കാന്‍ ശ്രദ്ധിക്കുക. വെന്ത് കഴിയുമ്പോഴേക്കും ഇതിലേക്ക് കനം കുറച്ച് നീളത്തില്‍ അഴിഞ്ഞു വച്ചിരിക്കുന്ന ഒരു സവാള ചേര്‍ത്തു കൊടുക്കാം. അതോടൊപ്പം തന്നെ ക്യാപ്‌സിക്കം ചേര്‍ത്ത് കൊടുക്കാം. ഇനി ഇതിലേക്ക് തക്കാളി കുക്കുമ്പര്‍ പോലുള്ള ഏത് പച്ചക്കറിയും നിങ്ങള്‍ക്ക് ഇട്ട് കൊടുക്കാവുന്നതാണ്. ഇതോടെ റോളിന്റെ ഫിലിംഗ് തയ്യാറായിക്കഴിഞ്ഞു. ഇനി റോള്‍ ചെയ്യുന്നതിനായി ചപ്പാത്തിയാണ് നമുക്ക് ആവശ്യം. ചുട്ടെടുത്ത ചപ്പാത്തിയിലേക്ക് ഈ ഫില്ലിംഗ് നടുവലായി വെച്ചുകൊടുക്കുക. ഇതിലേക്ക് ടൊമാറ്റോ സോസ് പോലുള്ള നിങ്ങള്‍ക്ക് താല്‍പര്യമുള്ള ഏത് സോസ് വേണമെങ്കിലും ചേര്‍ത്ത് നല്‍കാം. ശേഷം ഇത് റോള്‍ ചെയ്തു പ്ലേറ്റിലേക്ക് മാറ്റാം. സ്വാദിഷ്ടമായ ചപ്പാത്തി-പനീര്‍ ടിക്ക റോള്‍ തയ്യാറായി കഴിഞ്ഞു.