പോലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന ജോലി സമ്മര്‍ദ്ദം കാരണമുള്ള ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലെ അംഗബലം പുതിയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പരിഷ്‌ക്കരിച്ച് സേനയെ നവീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ . ബൈജൂനാഥ് നിര്‍ദ്ദേശം നല്‍കിയത്. സേനയിലെ അംഗബലം കുറവായതിനാല്‍ പോലീസുദ്യോഗസ്ഥര്‍ക്ക് വിശ്രമവും പ്രതിവാര അവധിയും ലഭിക്കാത്തതു കാരണം മാനസിക സമ്മര്‍ദ്ദം കൂടിവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇത് പോലീസിന്റെ കാര്യക്ഷമതയെ ബാധിക്കും. കൂടാതെ പോലീസില്‍ നിന്നും സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കുന്നവരുടെ എണ്ണവും കൂടി വരികയാണെന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ പല പോലീസ് സ്റ്റേഷനുകളിലും മതിയായ അംഗബലം ഇല്ലാത്തതിനാല്‍ ക്രമസമാധാന പരിപാലനം യഥാവിധി നടക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജനസാന്ദ്രതക്ക് അനുസരിച്ച് അംഗബലം പരിഷ്‌ക്കരിച്ചാല്‍ മാത്രമേ ക്രമസമാധാന ചുമതലകള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ കഴിയുകയുള്ളൂ. വി.ഐ.പി. ഡ്യൂട്ടിക്ക് പോലീസുദ്യോഗസ്ഥര്‍ പോകുമ്പോള്‍ സ്റ്റേഷനിലെ ക്രമസമാധാന കാര്യങ്ങള്‍ അവതാളത്തിലാകുന്നതായി പരാതിയുണ്ടെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Human Rights Commission to increase the strength of the force to prevent suicide of police officers