ലഖ്നോ: മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ 90 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്.
ഹാഥ്‌റസ് ജില്ലയിലെ സിക്കന്ദ്ര റാവു പ്രദേശത്തുള്ള രതി ഭാന്‍പൂര്‍ ഗ്രാമത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൂടാരത്തില്‍ ഒരു മതപ്രഭാഷകന്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സംഭവം. കനത്ത ചൂടിനിടെയായിരുന്നു പരിപാടി. തിരക്ക് കാരണം ആളുകള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചിലര്‍ പുറത്തേക്ക് ഓടാന്‍ തുടങ്ങിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
മരിച്ചവരെ തിരിച്ചറിഞ്ഞറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവം സംബന്ധിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
‘മതപ്രഭാഷകനായ ഭോലെ ബാബയുടെ സത്സംഗിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഇറ്റാ-ഹാഥ്‌റസ് ജില്ലകളുടെ അതിര്‍ത്തി പ്രദേശത്ത് പരിപാടി നടത്തുന്നതിന് താല്‍ക്കാലിക അനുമതിയുണ്ടായിരുന്നു’, അലിഗഢ് റേഞ്ച് ഐജി ശലഭ് മാത്തൂര്‍ പറഞ്ഞു.
സംഭവത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ച രാഷ്‌ട്രപതി പരിക്കേറ്റവർക്ക് വേഗം ഭേദമാകാൻ പ്രാർത്ഥിക്കുന്നതായും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ എന്നിവരും അനുശോചനം അറിയിച്ചു.
കേന്ദ്രം ഉത്തർപ്രദേശ് സർക്കാരിന് എന്ത് സഹായവും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പാർലമെന്റിൽ നടപടികൾക്കിടെയാണ് പ്രധാനമന്ത്രി വിവരം അറിയിച്ചത്. പരിപാടിയ്‌ക്ക് ശേഷം മടങ്ങുമ്പോൾ കടുത്ത ചൂടായിരുന്നെന്നും പുറത്തേക്ക് ഇറങ്ങാൻ ചെറിയ വഴിയിലൂടെ എല്ലാവരും തിക്കിതിരക്കിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് രക്ഷപ്പെട്ട ഒരാൾ പ്രതികരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ഹത്രാസ് സന്ദർശിക്കും.