ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാര്‍ലമെന്‍റിലുണ്ടായത് അനുകമ്പ നേടാനുള്ള നാടകമെന്ന് കുറ്റപ്പെടുത്തിയ മോദി രാഹുലിനെ ബാലക്ബുദ്ധിയെന്ന് വിളിച്ചും പരിഹസിച്ചു.
ബോളിവുഡ് ചിത്രം ‘ഷോലെ’യിലെ സംഭാഷണങ്ങള്‍ പരാമര്‍ശിച്ചും തിരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയുമായിരുന്നു മോദിയുടെ പരിഹാസം. സഖ്യകക്ഷികളുടെ വോട്ടു തിന്നുന്ന പരാദജീവിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.
“ബാലക്ബുദ്ധി കരയുകയാണ്. ഇയാള്‍ എന്ന അടിച്ചു, അയാള്‍ എന്നെ അടിച്ചു, ഇവിടെയാണ് അടിച്ചത്, അവിടെയാണ് അടിച്ചത്. ഇത് സഹതാപം നേടാനുള്ള നാടകമാണ്. കുട്ടികളുടെ മനസ്സുള്ള അയാള്‍ക്ക് എന്താണ് പറയേണ്ടതെന്നോ, എങ്ങനെയാണ് പെരുമാറേണ്ടതെന്നോ അറിയില്ല. ചിലപ്പോള്‍ അയാള്‍ ലോക്‌സഭയില്‍ ഉച്ചമയക്കത്തിലാണ്. രാജ്യത്തിന് അയാളെ നന്നായി അറിയാം. നിങ്ങള്‍ക്ക് നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ അറിയില്ലെന്നാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍ അയാളോട് പറയുന്നത്”, എന്നായിരുന്നു മോദിയുടെ പരിഹാസം.
ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടത്തിയതിന് ജാമ്യത്തിലുള്ളവരും ഒ.ബി.സി. വിഭാഗത്തെ കള്ളന്മാരെന്ന് വിളിച്ചതിന് ശിക്ഷിക്കപ്പെട്ടവരും മാപ്പ് പറഞ്ഞവരുമാണ് അവര്‍. സഭയില്‍ താങ്ങുവിലയെക്കുറിച്ചും അഗ്നിപഥ് പദ്ധതിയെക്കുറിച്ചും നുണകള്‍ പറഞ്ഞു. വ്യക്തിപരമായ രാഷ്ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി തങ്ങളുടെ ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും മോദി സഭയില്‍ പറഞ്ഞു.
സഭയോട് ബഹുമാനമില്ലാത്തത് രാജ്യ സ്ഥാപനത്തിന് സര്‍വം സമര്‍പ്പിച്ച നേതാക്കളോടുള്ള അപമാനമാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന നുണകള്‍ രാജ്യത്തെ സാമാന്യ ജനത്തെ വെല്ലുവിളിക്കുന്നതാണ്. സഭയുടെ ഗരിമ സ്പീക്കര്‍ സംരക്ഷിക്കണം. സംവരണത്തിന്‍റെയും ഭരണഘടനയുടെയും കാര്യത്തില്‍ പ്രതിപക്ഷം നിരന്തരം നുണ പ്രചരിപ്പിക്കുകയാണെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
ഹിന്ദു തീവ്രവാദം പോലെയുള്ള വാക്കുകള്‍ അവര്‍ ഉപയോഗിച്ചു. സമുദായത്തെ ഡെങ്കിയുമായി താരതമ്യപ്പെടുത്തി. അവര്‍ക്ക് രാജ്യം ഒരിക്കലും മാപ്പുനല്‍കില്ല. ഹിന്ദുക്കള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഗൂഢാലോചന നടത്തുന്നത് ഗൗരവമേറിയ കാര്യമാണ്. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ നുണകള്‍ പറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.