പാലക്കാട്: തൃത്താലയിൽ പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ. തെക്കേ വാവനൂർ സ്വദേശി ഷിഹാബിനെയാണ് തൃത്താല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി പോക്സോ കേസികളിൽ പ്രതിയാണ്.
ബസിൽ കയറുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെടും. പിന്നീട് ഫോൺ നമ്പർ കൈമാറും. പരിചയം പ്രണയമാകുന്നതോടെ പീഡനം തുടങ്ങും. ഇതാണ് 25കാരനായ ഷിഹാബിന്റെ രീതി. ഒരേ സമയം രണ്ട് സ്കൂൾ വിദ്യാർഥിനികളുമായായിരുന്നു ഷിഹാബിന്റെ പ്രണയം.
വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ സ്കൂളിലെത്താതായതോടെ അധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെൺകുട്ടികളെ സ്വകാര്യ ലോഡ്ജിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് ഷിഹാബിനെതിരെ കേസെടുത്തത്.