Sports

ഗോളടിച്ച് ഗാക്‌പോ; റൊമാനിയയ്‌ക്കെതിരേ ആദ്യ പകുതിയില്‍ നെതർലൻഡ്‌സ് മുന്നിൽ

മ്യൂണിക്ക്: യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ റുമേനിയക്കെതിരെ ആദ്യപകുതി പിന്നിടുമ്പോൾ നെതർലൻഡ്സ് ഒരു ഗോളിനു മുന്നിൽ. 20-ാം മിനിറ്റിൽ സൂപ്പർതാരം കോഡി ഗാക്പോയാണ് ഡച്ചുകാർക്കായി വലകുലുക്കിയത്.

പന്ത് കൈവശം വെച്ച് കളിക്കുന്നതിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ഡച്ചുകാർക്കുതന്നെയാണ് മുൻതൂക്കം. മത്സരത്തിലുടനീളം ഡച്ച്പട നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. റൊമാനിയന്‍ പ്രതിരോധത്തിന്റെ കൃത്യമായ ഇടപെടലുകളാണ് നെതര്‍ലന്‍ഡ്‌സിന്റെ മുന്നേറ്റങ്ങളെ ചെറുത്തത്.

ആദ്യ മിനിറ്റുകളില്‍ പന്ത് കൈവശം വെച്ചതും അവസരങ്ങള്‍ സൃഷ്ടിച്ചതും റൊമാനിയയായിരുന്നു. 14-ാം മിനിറ്റില്‍ വലതുവിങ്ങിലൂടെ മുന്നേറിയ റൊമാനിയന്‍ വിങ്ങര്‍ ഡെന്നിസ് മാന്‍ ഉഗ്രന്‍ ഷോട്ട് ഉതിര്‍ത്തു. എന്നാല്‍ പന്ത് നേരിയ വ്യത്യാസത്തില്‍ ഗോള്‍ബാറിന് മുകളിലൂടെ പോയി. എന്നാല്‍ പതിയെ നെതര്‍ലന്‍ഡ്‌സും മുന്നേറാന്‍ തുടങ്ങി. പിന്നാലെ ഗോളുമെത്തി. 20-ാം മിനിറ്റില്‍ യുവതാരം കോഡി ഗാക്‌പോയാണ് വലകുലുക്കിയത്.

ഇടതുവിങ്ങിൽനിന്നുള്ള ഗാക്പോയുടെ ബുള്ളറ്റ് ഷോട്ടാണ് വലയിൽ കയറിയത്. സാവി സൈമൺസിൽനിന്ന് പന്ത് സ്വീകരിച്ച ഗാക്പോ, ഇടതു പാർശ്വത്തിൽനിന്ന് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബോക്സിനുള്ളിലേക്ക് കയറി തൊടുത്ത ഷോട്ട് റുമേനിയൻ ഗോൾകീപ്പറെയും കീഴ്പ്പെടുത്തി ലക്ഷ്യത്തിലെത്തി. ടൂർണമെന്‍റിൽ താരത്തിന്‍റെ മൂന്നാം ഗോളാണിത്. അവസാന മിനിറ്റുകളിൽ റുമേനിയ ഒന്നിലധികം തവണ ഡച്ച് പോസ്റ്റിലെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.