25 വർഷങ്ങളായി ഇന്റർപോൾ അന്വേഷിക്കുന്ന ഒരു മലയാളിയുണ്ട് . പയ്യന്നൂർകാരിയായ ഡോക്ടർ ഓമന . ഊട്ടി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ പയ്യന്നൂരിലെ മുരളീധരനെ കൊലപ്പെടുത്തി കഷണങ്ങളാക്കി സ്യൂട്കേസില്‍ നിറച്ച് കാറില്‍ യാത്രചെയ്യവേ പോലീസ് പിടിയിലായ പയ്യന്നൂര്‍ കരുവാച്ചേരിയിലെ ഡോ. ഓമനയാണ് ഇന്നും പോലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുന്നത്. 1996 ജൂലൈ 11ന് ആയിരുന്നു ആ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നാട്ടുകാരനായ കെ.എം. മുരളീധരൻ എന്നയാളെ ഊട്ടി റയിൽവേ സ്‌റ്റേഷൻ റിട്ടയറിങ് റൂമിൽ ഡോ. ഓമന എന്ന ലേഡി ഡോക്ടർ കൊലപ്പെടുത്തി മൃതദേഹം നുറുക്കി. ഒരു പക്ഷെ സിനിമകളിൽ പോലും കാണാൻ സാധിക്കാത്ത അരുംകൊല. മലേഷ്യയിൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ചതായി കണ്ടെത്തിയ സ്ത്രീ ഡോ. ഓമനയാണെന്നു സംശയിക്കുന്ന വാർത്ത വായിക്കുമ്പോൾ വർഷങ്ങൾക്കു പിന്നിലേക്ക് ചിലരുടേയെങ്കിലും മനസ് ഒന്നു റിവൈൻഡ് ചെയ്യപ്പെടാം. മരിച്ച സ്ത്രീ ഓമനയല്ലെന്നു സ്ഥിരീകരിച്ചെങ്കിലും ഒരു കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന അരുകൊലയായിരുന്നു അത്.
ഡോ. ഓമനയുടെ അടുത്ത സുഹൃത്തും പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയുമായ മുരളീധരനാണ് കൊല്ലപ്പെട്ടത് . മുരളീധരന് ഓമനയുമായുള്ള അടുപ്പവും പിന്നീടുള്ള അകല്‍ച്ചയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലയ്ക്ക് മുന്‍പ് മുരളീധരന്റെ ശരീരത്തില്‍ മയക്കുമരുന്നോ വിഷമോ മറ്റോ കുത്തിവെച്ചിരുന്നു. രക്തം കട്ടപിടിക്കുന്നതിനുള്ള മരുന്നുകൂടി കുത്തിവെച്ചു. അതിന് ശേഷമാണ് ശരീരം കഷണങ്ങളാക്കി മുറിക്കുന്നത്. പ്രത്യേക സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചായിരുന്നു ശരീരം മുറിച്ചത്. മെഡിസിൻ പഠന കാലയളവിൽ ഓപ്പറേഷൻ കത്തി ഉപയോഗിച്ച പരിചയമാണു ഡോ. ഓമനയെ, മുരളീധരന്റെ മൃതദേഹം മുറിച്ചു കഷണങ്ങളാക്കാൻ സഹായിച്ചത്. ശരീരത്തിലെ ചർമം മുഴുവൻ നീക്കംചെയ്‌തു ബാഗിൽ സൂക്ഷിച്ചു. സന്ധികളിൽ മുറിച്ച് എല്ലുകൾ വേർപെടുത്തി. മാംസവും എല്ലുകളും പ്രത്യേകമാക്കി 25 പ്ലാസ്‌റ്റിക് കവറുകളിലായി സൂക്ഷിച്ചു. ആന്തരികാവയവങ്ങൾ കൊത്തിനുറുക്കി ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്‌തു. തുടർന്നാണു ശരീരഭാഗങ്ങൾ ബാഗുകളിലും സ്യൂട്ട്‌കേസിലുമാക്കിയത്. മൃതദേഹം മുറിക്കാൻ കുറഞ്ഞതു മൂന്നു മണിക്കൂർ ഓമന എടുത്തിരിക്കാമെന്നു പൊലീസ് രേഖകളിൽ പറയുന്നു. ഇതിനുശേഷം മുറി വൃത്തിയാക്കി, കിടക്കവിരിച്ചു മുറി വാടക നൽകി.
ബാഗുകൾ ഒറ്റയ്‌ക്കു ചുമന്നാണു ഡോ. ഓമന, റിട്ടയറിങ് റൂമിൽ നിന്നു കാറിലെത്തിച്ചത്. സ്യൂട്ട്‌കേസും ബാഗുകളും കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചു. ഊട്ടിയിലെ തണുത്ത കാലാവസ്‌ഥയെ തുടർന്നു മൃതദേഹം അഴുകാതിരുന്നതിനാലാണു റിട്ടയറിങ് റൂമിൽ ദുർഗന്ധമുണ്ടാകാഞ്ഞത്. ശരീരാവശിഷ്ടങ്ങള്‍ നിറച്ച സൂട്കേസുമായി കൊടൈക്കനാലിലേക്കാണ് ആദ്യം കാറില്‍ പോയത്. പെട്ടി അവിടെ ഉപേക്ഷിക്കുകയായിരുന്നത്രേ ലക്ഷ്യം. . എന്നാൽ പെട്ടിയിൽ നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്നു സംശയിച്ച ടാക്‌സി ഡ്രൈവർ കാർ നിർത്തി വിവരം അന്വേഷിച്ചപ്പോൾ, ഓമന ബസിൽ കയറി രക്ഷപ്പെട്ടു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു മുരളീധരൻ വിവാഹിതയായ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഡോ. ഓമന പൊലീസിനു മൊഴിനൽകിയിരുന്നു. പ്രകോപിതനായ മുരളീധരൻ ഓമനയെക്കുറിച്ച് അപവാദം പറഞ്ഞുപരത്തി. തുടർന്ന് ഓമനയും ഭർത്താവുമായി വേർപിരിഞ്ഞു.
ഓമന മലേഷ്യയിലേക്കു പോയി പ്രാക്‌ടീസ് തുടങ്ങിയെങ്കിലും മുരളീധരൻ വിട്ടില്ല. മലേഷ്യയിലെത്തിയ മുരളീധരൻ, തന്നെ വിവാഹം ചെയ്യണമെന്നു വീണ്ടും ഓമനയോട് ആവശ്യപ്പെട്ടു. തുടർന്നാണു മുരളീധരനെ കൊലപ്പെടുത്താൻ ഓമന തീരുമാനിച്ചത്. മലേഷ്യയിലായിരുന്ന ഡോ. ഓമന കൊലപാതകത്തിന് ഒരാഴ്ച മുന്‍പാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്തുള്ള മുരളീധരനെ ഫോണില്‍ വിളിച്ചുവരുത്തി ഒരുമിച്ച് ഊട്ടിയിലേക്ക് പോവുകയായിരുന്നു. ഭര്‍ത്താവില്‍നിന്ന് നേരത്തെ വിവാഹമോചനം നേടിയിരുന്നു. കേസ് റജിസ്‌റ്റർ ചെയ്‌തത് ഊട്ടി പൊലീസാണെങ്കിലും മലയാളി വനിതാ ക്രിമിനൽ എന്ന വിശേഷണമാണു ഡോ. ഓമനയ്‌ക്കുള്ളത്.കൊടൈക്കനാൽ പൊലീസാണ് ഓമനയെ ഡിണ്ടിഗലിനു സമീപം അറസ്‌റ്റ് ചെയ്‌തത്. ആദ്യം ഊട്ടി പൊലീസ് അന്വേഷിച്ച കേസ് പിന്നീടു ക്രൈം ബ്രാഞ്ചിനു കൈമാറി. 2002 ഫെബ്രുവരിയിൽ ക്രൈം ബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം ഊട്ടി മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ, ഇതിനിടെ തമിഴ്‌നാട് സെൻട്രൽ ജയിലിൽ നിന്നു സോപാധിക ജാമ്യത്തിൽ പുറത്തിറങ്ങിയ ഓമന 2001 ജനുവരി 29 മുതൽ ഒളിവിൽ പോയി. കൊലപാതകം നടക്കുമ്പോള്‍ അവര്‍ക്ക് 43 വയസ്സായിരുന്നു. നേത്രരോഗവിദഗ്ദയായ അവര്‍ നേരത്തെ മലേഷ്യയില്‍ ജോലിചെയ്തിരുന്നു. അവര്‍ മലേഷ്യയില്‍ത്തന്നെ ഉണ്ടാവുമെന്ന് കരുതുന്നവരുണ്ട്.