ഹാഥറസ്: ഉത്തർപ്രദേശിലെ ഹാഥറസിൽ പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ എണ്ണം 116 ആയി. മരിച്ചവരിൽ നിരവധി സ്ത്രീകളും മൂന്നു കുട്ടികളുമുണ്ട്. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
നാരായൺ സാകർ ഹരി (ഭോലെ ബാബ) എന്ന പ്രാദേശിക ഗുരുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സത്സംഗ്’ ചടങ്ങിനിടെയാണ് തിക്കുംതിരക്കുമുണ്ടായത്. 50,000ത്തിലധികം പേർ ഒത്തുകൂടിയ ചടങ്ങ് അവസാനിച്ചശേഷം ആളുകൾ പിരിഞ്ഞുപോകാൻ തുടങ്ങുമ്പോഴാണ് ദുരന്തം. ഭരണകൂടത്തിന്റെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
27 മരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മരണസംഖ്യയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ആശുപത്രിക്ക് പുറത്തും മോര്‍ച്ചറിക്ക് മുന്നിലും ആളുകള്‍ ഇരച്ചെത്തി. മരിച്ചവരിലേറെയും സ്ത്രീകളായിരുന്നു.
‘200-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍, ഈ ആശുപത്രിയില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ഓക്സിജന്‍ സൗകര്യവുമില്ല. ഇവിടെ എത്തിച്ച പലർക്കും ജീവനുണ്ട്. എന്നാല്‍ ശരിയായ ചികിത്സ അവര്‍ക്ക് നല്‍കാനാകുന്നില്ല’, ആശുപത്രിക്ക് മുന്നില്‍ നിന്നിരുന്ന ഒരു യുവാവിന്റെ വാക്കുകൾ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാബയെ ദർശിക്കാനും കാലിനടിയിൽനിന്ന് മണ്ണ് ശേഖരിക്കാനുമുള്ള തിരക്കിൽ അടിതെറ്റിയവർക്കുമേൽ ഒന്നിനുപിറകെ ഒന്നായി ആളുകൾ വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചെറിയ സ്ഥലത്ത് പരിധിയിൽ കൂടുതൽ പേർ ഒത്തുകൂടിയതാണ് അപകട കാരണമെന്ന് സിക്കന്ദ്റ റാവു പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ആശിഷ് കുമാർ പറഞ്ഞു. പരിക്കേറ്റവരെയും അബോധാവസ്ഥയിലായവരെയും ട്രക്കുകളിലും മറ്റു വാഹനങ്ങളിലുമാണ് അടുത്തുള്ള ആശുപത്രികളിലെത്തിച്ചത്. അതിനകം പലരും മരിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഗ്ര അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, അലിഗഡ് ഡിവിഷണല്‍ കമ്മിഷണര്‍ എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.