അബൂദബിയിൽ ടൂറിസ്റ്റ് ഗൈഡുകൾക്ക് പ്രത്യേക പരിശീലന പദ്ധതി ആരംഭിക്കുന്നു. അബൂദബി ടൂറിസം വകുപ്പ് നടത്തുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് ടൂറിസ്റ്റ് ഗൈഡായി ലൈസൻസ് നൽകും. യു.എ.ഇ സ്വദേശികൾക്കും റെസിഡന്റ് വിസയുള്ള പ്രവാസികൾക്കും പരിശീലനത്തിൽ പങ്കെടുക്കാം.
വിനോദസഞ്ചാരികൾക്ക് അബൂദബിയിലെ ടൂറിസം കേന്ദ്രങ്ങളെ കുറിച്ചും ഇമറാത്തി സംസ്‌കാരത്തെ കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ടൂറിസം ഗൈഡ് പരിശീലനവും ലൈസൻസിങും ആവിഷ്‌കരിക്കുന്നത്.
അബൂദബിയുടെ സംസ്‌കാരം, വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്താനുള്ള പ്രായോഗിക പരിശീലനം, ഗ്രൂപ്പുകളെ കൈകാര്യം ചെയ്യേണ്ടവിധം, ഗൈഡൻസിന്റെ ആശയങ്ങൾ, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെയും വിനോദകേന്ദ്രങ്ങളുടെയും വിവരങ്ങൾ എന്നിവയാണ് പരിശീനപരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തുക. തിയറിയും പ്രായോഗിക പരിശീലനവും പൂർത്തിയാക്കുന്നവർക്ക് ഔദ്യോഗിക ടൂറിസ്റ്റ് ഗൈഡ് എന്ന നിലയിൽ ലൈസൻസ് നൽകുമെന്നും അബൂദബി ടൂറിസം വകുപ്പ് അറിയിച്ചു.