തിരുവനന്തപുരം : ഇന്ന് വടക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ അറബിക്കടലിലും മധ്യകിഴക്കൻ അറബിക്കടലിന്റെ ഭാഗങ്ങളിലും 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം.
തെക്കൻ തമിഴ്നാട് തീരം, തെക്കുകിഴക്കൻ അറബിക്കടൽ, തെക്കൻ – മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇവിടങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
കൊങ്കൺ-മഹാരാഷ്ട്ര മേഖലയിൽ കാലവർഷക്കാറ്റ് ശക്തമായി തുടരുന്നതിനാലാണ് വടക്കൻ ജില്ലകളിൽ മഴ കനക്കുന്നത്. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിൽ മഴ തുടരും.