ഒമാനിൽ ആരോഗ്യ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് സഞ്ചിളുടെ നിരോധനം പ്രാബല്യത്തിൽ വന്നതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ഒമാനിൽ 2027ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിൻറെ ഒന്നാം ഘട്ടമെന്നോണം ആരോഗ്യസ്ഥാപനങ്ങളിൽ പ്ലാസ്റ്റിക്ക് സഞ്ചികൾ നിരോധിക്കുന്നത്. ഒമാനിൽ ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയിലാണ് പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നുത് ജൂലൈ ഒന്ന് മുതൽ നിരോധിച്ചിട്ടുള്ളത്.
നിയമം ലംഘിച്ചാൽ 50 മുതൽ 1000 ഒമാനി റിയാൽ വരെ പിഴ ഈടാക്കും. ആവർത്തിച്ചാൽ ഇരട്ടിയായി പിഴ ചുമത്തും. നിശ്ചിത സമയ പരിധിക്കുള്ളിൽ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളും നിരോധിക്കാനാണ് ലക്ഷ്യമിടുന്നത്. രാജകീയ ഉത്തരവുകൾ പ്രകാരവും മന്ത്രിതല തീരുമാനത്തിൻറെയും അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം ഘട്ടം ഘട്ടമായി ഇല്ലാതാക്കൻ പരിസ്ഥിതി അതോറിറ്റി തീരുമാനം പുറപ്പെടുവിച്ചിട്ടുള്ളത്.
50 മൈക്രോമീറ്ററിൽ താഴെ ഭാരമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ ഉപയോഗിക്കാൻ പാടിലെന്ന് ഉത്തരവിൽ പറയുന്നു. ഓരോ വിഭാഗത്തിലും പ്ലാസ്റ്റിക്ക് സഞ്ചികളുടെ ഉപയോഗം വിവിധ ഘട്ടങ്ങളിലൂടെയാണ് നിരോധിക്കുക. ഇതിനുശേഷം ഇവ ഉപയോഗിക്കുകയാണെങ്കിൽ പിഴ ചുമത്തും. തീരുമാനം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി വരും ദിവസങ്ങളിൽ അധികൃതർ പരിശോധന നടത്തുകയും ചെയ്യും.