കൊച്ചി: കൗമാരക്കാർക്കിടയിൽ കരൾ രോഗങ്ങൾ, പോഷകാഹാരം, വ്യായാമം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു.
അമൃത ഗ്യാസ്ട്രോഎൻട്രോളജി & ഹെപ്പറ്റോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിലെ ഡോൺ പബ്ലിക് സ്കൂളിലാണ് ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചത്.
ഫാറ്റി ലിവർ രോഗകാരണങ്ങൾ, അപകടസാധ്യതകൾ, പ്രതിരോധം എന്നിവയെക്കുറിച്ച് അമൃത ഹോസ്പിറ്റലിലെ അസോസിയേറ്റ് പ്രൊഫസറും ഹെപ്പറ്റോളജിസ്റ്റുമായ ഡോ. അരുൺ വൽസൻ വിദ്യാർഥികളുമായി സംവദിച്ചു.
പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കേണ്ടതിന്റെയും പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഡയറ്റീഷ്യൻ സ്വാതിലക്ഷ്മി വിശദീകരിച്ചു.
കാമ്പയിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്ലോഗൻ രചനാ മത്സരത്തിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പിഎംആർ ടീം നടത്തിയ വ്യായാമവും യോഗയും സമന്വയിപ്പിച്ച് കൊണ്ടുള്ള സെഷനോടെ കാമ്പയിൻ സമാപിച്ചു.
കൗമാരക്കാരിൽ ആരോഗ്യാവബോധം വളർത്തുക , പോഷകാഹാരം, വ്യായാമം എന്നിവ പ്രോൽസാഹിപ്പിക്കുന്നത് വഴി കരൾ രോഗങ്ങൾ തടയുക എന്നിവയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.