ഖത്തറിലെ ഇന്ത്യൻ എംബസി നേരിട്ട് നൽകുന്ന കോൺസുലാർ സേവനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനം. വിസ, പാസ്പോര്‍ട്ട് സേവനങ്ങള്‍ ഉള്‍പ്പെടെയാണ് സ്വകാര്യ ഏജന്‍സികളെ ഏല്പിക്കാന് ആലോചന നടക്കുന്നത്. പുതിയ പാസ്പോർട്ടുകൾ നൽകൽ, പാസ്പോർട്ട് പുതുക്കൽ, വിസ സേവനം, പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങി മുഴുവൻ സേവനങ്ങളും സ്വകര്യ ഏജൻസി വഴി നടപ്പാക്കാനാണ് എംബസി ആലോചിക്കുന്നത്.
ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം കൂടി കണക്കിലെടുത്താണ് തീരുമാനം. നിലവില്‍ എട്ട് ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ ഖത്തറിലുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന് മുന്നിൽ നിർദേശം വെച്ചതായും കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാനം നടപ്പാക്കുമെന്നും ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു. സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും മികച്ച കോൺസുലാർ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചില വിദേശ രാജ്യങ്ങളിൽ ഇത്തരത്തിൽ സ്വകാര്യ ഏജൻസികൾ കോൺസുലാർ സേവനങ്ങൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്.
ഒരു വർഷത്തേക്കാണ് കരാർ നൽകാറുള്ളത്. സേവനം തൃപ്തികരമല്ലെങ്കിൽ കരാർ പുതുക്കാതിരിക്കാനും വേറെ ഏജൻസിയെ ഏൽപിക്കാനും കഴിയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏജൻസി ഔട്ട്ലെറ്റ് തുടങ്ങുന്നത് വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് സൗകര്യവുമാണ്. ഖത്തറിൽ നിലവിൽ പാസ്പോർട്ട് പുതുക്കൽ ഉൾപ്പെടെ നിരവധി സേവനങ്ങൾ ഇന്ത്യൻ എംബസി അപ്പെക്സ് ബോഡികളായ ഇന്ത്യൻ കൾചറൽ സെന്റർ, ഐ.സി.ബി.എഫ് എന്നിവിടങ്ങളിലും ലഭ്യമാണ്.
ഐ.സി.സിയിലും ഐ.സി.ബി.എഫിലും നൽകുന്ന സേവനങ്ങൾക്ക് എംബസി നിശ്ചയിച്ച ഫീസിന് പുറമെ പത്തു റിയാൽ സേവനനിരക്കായി നല്‍കണം. ഖത്തറിലെ വിദൂര പ്രദേശങ്ങളിൽ സ്പെഷൽ കോൺസുലാർ സർവിസ് ക്യാമ്പുകളും കൃത്യമായ ഇടവേളകളില്‍ സംഘടിപ്പിക്കാറുണ്ട്.