കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങരയിലാണ് ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവതി ദേവിയാണ് ഈ ക്ഷേത്രം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ക്ഷേത്രം പരിപാലിക്കുന്നത്. 13 കരകള്‍ ഉള്‍പ്പെട്ടതാണു ഈ ക്ഷേത്രം. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക് എന്നീ കരകള്‍ ക്ഷേത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകള്‍ കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക് ,പേള, കടവൂര്‍ , ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്നിവയാണ്. ശക്തിസ്വരൂപിണിയായ ചെട്ടികുളങ്ങര ഭഗവതി കൊടുങ്ങല്ലൂര്‍ അമ്മയുടെ മകളാണെന്നാണു സങ്കല്‍്പം. ക്ഷേത്രം ശ്രീ ആദിശങ്കരന്റെ ശിഷ്യനായ പദ്മപാദ ആചാര്യരാല്‍ സമര്‍പ്പിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്നത്തെ നിലയിലുള്ള ക്ഷേത്രം കാലാകാലങ്ങളായി പല മാറ്റങ്ങള്‍ക്കും വിധേയമായതാണ്.
ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ നിര്‍മാണ ഐതീഹ്യം: കൊയ്പള്ളിക്കരാഴ്മ ഭഗവതി ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവം ആസ്വദിക്കാന്‍ നാടുവാഴികള്‍ പോയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം. കൊയ്പള്ളിക്കരാഴ്മ ഭഗവതി ക്ഷേത്രത്തിലെത്തിയ നാടുവാഴികളെ ഗ്രാമവാസികള്‍ അപമാനിച്ചു. ഗ്രാമവാസികള്‍ അപമാനിച്ചതിനെത്തുടര്‍ന്ന് ചെട്ടികുളങ്ങരയില്‍ ഒരു ഭഗവതി ക്ഷേത്രം പണിയാന്‍ പ്രമാണിമാര്‍ തീരുമാനിച്ചു. ചെട്ടികുളങ്ങരയിലെ സാധാരണക്കാര്‍ ഈ പുണ്യകാര്യത്തിനായി സംഭാവന നല്‍കാനും തയ്യാറായി, കാരണവര്‍ നേതൃത്വം നല്‍കി. ദൗത്യം ആരംഭിക്കുന്നതിന് മുമ്പ് അവര്‍ കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ അനുഗ്രഹം വാങ്ങാന്‍ തീരുമാനിച്ചു. കൊടുങ്ങല്ലൂരിലെത്തിയ ശേഷം 12 ദിവസം ദേവിയെ ആരാധിച്ചു. ദേവി അവരില്‍ പ്രസാദിക്കുകയും ചെട്ടികുളങ്ങരയില്‍ വസിക്കുമെന്ന് പറഞ്ഞു അനുഗ്രഹിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ദേവി അനുഗ്രഹിച്ചതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയും ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളി ആണ് മുഖ്യ പ്രതിഷ്ഠ. ചെട്ടികുളങ്ങര അമ്മ എന്ന പേരില്‍ ഭഗവതി അറിയപ്പെടുന്നു. ചെട്ടികുളങ്ങര ഉള്‍പ്പെടുന്ന മാവേലിക്കര താലൂക്ക്, കാര്‍ത്തികപ്പള്ളി താലൂക്ക്, കായംകുളം എന്നിവ ഉള്‍പ്പെടുന്ന പ്രദേശം പൊതുവെ ‘ഓണാട്ടുകര’ എന്ന പേരില്‍ അറിയപ്പെടുന്നു. അതുകൊണ്ട് ചെട്ടികുളങ്ങര അമ്മയെ ‘ഓണാട്ടുകരയുടെ കുലദൈവം അഥവാ ഓണാട്ടുകരയുടെ പരദേവത’ എന്നും വിളിക്കുന്നു. ചെട്ടിക്കുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ ഏറെ പ്രസിദ്ധമാണ്. അതില്‍ പ്രധാന ഉത്സവമാണ് കുംഭ ഭരണി. എല്ലാ വര്‍ഷവും ഫെബ്രുവരി – മാര്‍ച്ച് കാലയളവില്‍ ആണ് ഈ ഉത്സവം നടക്കുന്നത്. കുംഭരണിക്ക് സ്ഥലവാസികള്‍ ‘കൊഞ്ചുമാങ്ങ’ എന്ന വിഭവം ഉണ്ടാക്കുന്നു. ഇത് വീട്ടിലെ സദ്യയില്‍ ഒഴിച്ചുകൂടാനാവാത്ത ഭഗവതിയുടെ പ്രസാദമായി കണക്കാക്കപ്പെടുന്നു.
കുംഭ ഭരണി നാളില്‍ സദ്യയുടെ കൂടെ ഓണാട്ടുകരയിലെ എല്ലാ വീടുകളിലും ഒരുക്കുന്ന ഒരു വിഭവമാണ് കൊഞ്ചുമാങ്ങ. ഓണാട്ടുകരയിലെ വീടുകളില്‍ കൊഞ്ചും മാങ്ങ തയാറാക്കി തുടങ്ങിയതിനു പിന്നില്‍ ഒരു കഥയുണ്ട്. ഒരു കുംഭരണി നാളില്‍ ഒരു അമ്മ കൊഞ്ചും മാങ്ങയും തയാറാക്കുകയായിരുന്നു. വീടിനടുത്തുകൂടി കുത്തിയോട്ട ഘോഷയാത്ര കടന്നുപോയപ്പോള്‍ അത് കാണാന്‍ അമ്മയ്ക്ക് വലിയ ആഗ്രഹം. ഘോഷയാത്ര കാണാന്‍ പോയാല്‍ കൊഞ്ചും മാങ്ങയും കരിഞ്ഞുപോകും. ഘോഷയാത്ര കാണണമെന്ന് വലിയ ആഗ്രഹവും. ഒടുവില്‍ എന്റെ കൊഞ്ചും മാങ്ങ കരിഞ്ഞു പോകരുതേ ദേവി എന്ന് ഭഗവതിയെ വിളിച്ച് പ്രാര്‍ഥിച്ച് ആ അമ്മ കുത്തിയോട്ട ഘോഷയാത്ര കാണാന്‍ പോയി. സമയം ഒരുപാട് വൈകി മടങ്ങി എത്തിയപ്പോള്‍ കറി തയാറായിരുന്നു. കാലാന്തരത്തില്‍ കൊഞ്ചും മാങ്ങ എന്ന വിഭവം കുംഭ ഭരണിക്ക് ചെട്ടികുളങ്ങരക്കാര്‍ക്ക് ഒഴിച്ചു കുടാനാവാത്തതായി. മാവേലിക്കരയ്ക്കു പടിഞ്ഞാറായി 5 കി.മീ. മാറിയും കായംകുളത്തിനു വടക്കായി 6 കി.മീ മാറിയുമാണ് ചെട്ടികുളങ്ങര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.