കണ്ണൂർ: പൊലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു. മുണ്ടേരി സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. കണ്ണൂർ ഏച്ചൂരിലാണ് സംഭവം നടന്നത്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ ലീതേഷ് ആണ് കാർ ഓടിച്ചിരുന്നത്.
ഇന്ന് ഉച്ചക്കായിരുന്നു അപകടം സംഭവിച്ചത്. റോഡിന്റെ സമീപത്തെ നടപ്പാതയോട് ചേർന്ന് നടന്നു പോവുകയായിരുന്ന ബീനയെ നിയന്ത്രണംവിട്ട കാർ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബീന തെറിച്ചുവീണു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ബീനയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബീനയെ ഇടിച്ച ശേഷം കാർ കുറേ ദൂരം മുന്നോട്ട് പോയശേഷമാണ് നിർത്തിയത്. പൊലീസ് ഉദ്യോഗസ്ഥൻ ടൗൺ പൊലീസ് സ്റ്റേഷനിലാണ് നിലവിൽ. ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കും.