കാലാവസ്ഥയിലുണ്ടാകുന്ന പല മാറ്റങ്ങളും കണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാം. ചൊറിച്ചില്‍, ചുവപ്പുനിറം, കണ്ണില്‍ നിന്നും വെള്ളം വരുക, കണ്ണിനുള്ളില്‍ ചൂട് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഇതിന്റെ ഭാഗമായി വരാം. അതിനാല്‍ തന്നെ കണ്ണുകളെ പരിപാലിക്കേണ്ടത് വളരെ അനിവാര്യമാണ്. നേത്രസംരക്ഷണത്തിനുള്ള ചില ടിപ്പുകള്‍ അറിയാം.
- വ്യക്തിഗത ശുചിത്വം പാലിക്കുക.
- കണ്ണുകളില്‍ തൊടരുത്, ആവര്‍ത്തിച്ച് തിരുമ്മരുത്
- തൂവാലകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവ കഴിവതും ആരുമായും പങ്കിടരുത്
- നീന്തുമ്പോള്‍ നീന്തല്‍ കണ്ണട ധരിക്കുക
- ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക
- വെയിലത്ത് പോകുമ്പോള്‍ യുവി സംരക്ഷണം തരുന്ന സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുക
- കണ്ണുകള്‍ക്ക് ദോഷം വരുത്തുന്ന സണ്‍സ്‌ക്രീന്‍, ലോഷനുകള്‍ എന്നിവ പുരട്ടുന്നത് ഒഴിവാക്കുക
നേത്രങ്ങളെ സംരക്ഷിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍ ഇതാ..
- കണ്ണ് ഇടയ്ക്കിടെ ചിമ്മുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ശുദ്ധജലം ഉപയോഗിച്ച് കണ്ണുകള്‍ കഴുകണം. കണ്ണ് കഴുകാന്‍ തണുത്ത വെള്ളമോ റൂം ടെംപറേച്ചറിലുള്ള വെള്ളമോ മാത്രമേ ഉപയോഗിക്കാവൂ. ചൂടുവെള്ളത്തില്‍ കഴുകരുത്.
- ശുദ്ധമായ പാലും കണ്ണുകള്‍ക്ക് നല്ലതാണ്. തണുത്ത പാലെടുത്ത് പഞ്ഞികഷ്ണങ്ങള്‍ മുക്കിയ ശേഷം അത് ഉപയോഗിച്ച് ശ്രദ്ധയോടെ കണ്ണുകള്‍ വൃത്തിയാക്കാം. ഇത് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കണം.
- മെറ്റല്‍ സ്പൂണുകളെടുത്ത് ഫ്രിഡ്ജിന്റെ ഫ്രീസറില്‍ വയ്ക്കുക. ഇവ തണുത്ത ശേഷം എടുത്ത് പരന്ന ഭാഗം കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കാം. കണ്ണിനു ചുറ്റുമുള്ള ചര്‍മ്മം ദൃഢമാകുന്നതിനും രക്തധമനികള്‍ക്ക് അയവ് നല്‍കുന്നതിനും ഇത് സഹായകരമാണ്.
- കണ്ണുകളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ടീ ബാഗുകള്‍. ഉപയോഗം കഴിഞ്ഞ 2 ടീ ബാഗുകള്‍ എടുത്ത് അത് അല്‍പ്പ നേരം ഫ്രിഡ്ജിന്റെ ഫ്രീസറില്‍ വയ്ക്കാം. തണുത്ത ശേഷം ഇവ കണ്ണുകള്‍ക്ക് മുകളില്‍ വെച്ച് 20 മിനുട്ട് നേരം വിശ്രമിക്കാം. ഇത് കണ്ണിന് നല്ല തിളക്കവും ഫ്രസ് ഫീലും നല്‍കും.
- വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കാഴ്ചശക്തിയ്ക്ക് നല്ലതാണ്.
- കൈകള്‍ വൃത്തിയാക്കിയതിന് ശേഷം മാത്രം കണ്ണുകളില്‍ സ്പര്‍ശിക്കുക. അഴുക്ക് നിറഞ്ഞ കൈകള്‍ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ കണ്ണുകളില്‍ സ്പര്‍ശിക്കുകയാണെങ്കില്‍ അതുവഴി ബാക്ടീരിയകള്‍ അകത്ത് കടക്കാനുള്ള സാധ്യതയുണ്ട്.