ന്യൂഡല്‍ഹി: ബെറില്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കരീബിയയില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഒടുവില്‍ ബാര്‍ബഡോസ് വിട്ടു. ബി.സി.സി.ഐ ഒരുക്കിയ പ്രത്യേക വിമാനത്തിലാണ് ടീമംഗങ്ങള്‍ ടി20 ലോകകപ്പുമായി ഇന്ത്യയിലേക്ക് തിരിച്ചു. ഞായറാഴ്ച മടങ്ങേണ്ടിയിരുന്ന ടീം, ബെറില്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങുകയായിരുന്നു. ബി.സി.സി.ഐ ജനറല്‍ സെക്രട്ടറി ജയ്ഷ, ടൂര്‍ണമെന്റ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരും വിമാനത്തിലുണ്ട്.
ഇന്ത്യൻ സമയം രാവിലെ 6.20 ഓടെ വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഇന്ത്യൻ ടീം അംഗങ്ങൾ എത്തിച്ചേരും. പിന്നാലെ മുംബൈയിലേക്ക് താരങ്ങൾ പോകും. വൈകീട്ട് അഞ്ച് മണി മുതലാണ് ലോകചാമ്പ്യന്മാരുടെ ആഘോഷപരിപാടികൾ. മുംബൈയിലെ മറൈൻ ഡ്രൈവ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെ ഇന്ത്യൻ ടീമിന്റെ റോഡ്ഷോ നടത്താനാണ് പദ്ധതി. ആരാധകർക്ക് റോഡ്ഷോ സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാം.
ട്വന്റി 20 ലോകകപ്പിൽ ഒരു മത്സരംപോലും പരാജയപ്പെടാതെയാണ് ഇന്ത്യൻ ടീം കിരീടം സ്വന്തമാക്കിയത്. ട്വന്റി 20 ലോകകപ്പ് രണ്ട് തവണ സ്വന്തമാക്കിയ മൂന്ന് ടീമുകളിലൊന്ന് ഇന്ത്യയാണ്. മുമ്പ് ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസുമാണ് രണ്ട് തവണ ലോകചാമ്പ്യന്മാരായിട്ടുള്ളത്. പാകിസ്താൻ, ശ്രീലങ്ക, ഓസ്ട്രേലിയ ടീമുകൾ ഓരോ തവണയും ലോകകിരീടം സ്വന്തമാക്കിയിട്ടുണ്ട്.
ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ രൂക്ഷമായ ചുഴലിക്കാറ്റ് ഇന്ത്യന്‍ താരങ്ങളുടെയും ടീം അധികൃതരുടെയും തിരിച്ചുവരവ് തടസ്സപ്പെടുത്തിയിരുന്നു. ഇതോടെ ടീമംഗങ്ങള്‍ ബാര്‍ബഡോസിലെ ഹോട്ടലില്‍ത്തന്നെ നില്‍ക്കാന്‍ നിര്‍ബന്ധിതരായി. വൈദ്യുതി, വെള്ളം വിതരണത്തിലും തടസ്സങ്ങളുണ്ടായി. ഇതോടെ ടീമംഗങ്ങള്‍ നാട്ടില്‍ തിരിച്ചെത്താന്‍ വൈകുകയായിരുന്നു.