തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ തോൽവിയിൽ വീണ്ടും വിമർശനവുമായി മുതിർന്ന നേതാവ് തോമസ് ഐസക്. എൽഡിഎഫ് അടിത്തറയിലെ ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയെന്നും ഇത് ഗൗരവത്തോടെ പരിശോധിക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു.
ശബരിമല വിഷയം പോലുള്ള അനുകൂല ഘടകം ഇല്ലാതിരുന്നിട്ടും ബിജെപി വോട്ട് വർദ്ധിപ്പിച്ചു. അമ്പലങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളിൽ നിന്ന് പാർട്ടി അംഗങ്ങൾ പിൻവാങ്ങി. ഇത് ആർ.എസ്.എസിന് സഹായകരമായി. സംസ്ഥാനം സഹായം നൽകുന്ന കേന്ദ്രവിഷ്കൃത പദ്ധതികൾ അവരുടേതാക്കി ചിത്രീകരിച്ചു. ജാതി സാമുദായിക സംഘടനകളെ സ്വാധീനിക്കാനുള്ള ശ്രമത്തിൽ ആർ.എസ്.എസും ബി.ജെ.പിയും ഒരു പരിധി വരെ വിജയിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പാർലമെന്റിൽ എൻ.ഡി.എയുടെ സീറ്റ് 353-ൽ നിന്ന് 292 ആയി കുറയുകയും ബി.ജെ.പിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്ത സന്ദർഭത്തിൽപ്പോലും പ്രധാനമന്ത്രി മോദി പാർലമെന്റിൽ വീമ്പ് പറഞ്ഞൊരു കാര്യം കേരളത്തിൽ അക്കൗണ്ട് തുറന്നുവെന്നുള്ളതാണ്.
തൃശ്ശൂരിൽ വിജയിക്കുക മാത്രമല്ല 11 അസംബ്ലി മണ്ഡലങ്ങളിൽ ബിജെപി ഒന്നാംസ്ഥാനത്ത് വന്നു. മറ്റ് ഏഴ് മണ്ഡലങ്ങളിൽ രണ്ടാംസ്ഥാനത്തും. എൻഡിഎയുടെ വോട്ട് ശതമാനം 2019-നെ അപേക്ഷിച്ച് 3.64 ശതമാനം ഉയർന്ന് 19.2 ശതമാനമായി. 2014-ൽ ഇതിന്റെ പകുതി പിന്തുണയേ കേരളത്തിൽ ബിജെപിക്ക് ഉണ്ടായിരുന്നുള്ളൂ.
ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ശബരിമല പോലൊരു പ്രശ്നം ഇല്ലാതിരുന്നിട്ടുകൂടി എൽഡിഎഫിന്റെ അടിത്തറയിൽ നിന്ന് ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയി എന്നത് ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
ആനുകൂല്യങ്ങളും മറ്റും കുടിശിക ആയതുകൊണ്ടുള്ള ജനകീയ അസംതൃപ്തി തങ്ങൾക്ക് അനുകൂലമായി മാറ്റുന്നതിന് ബിജെപിക്ക് എങ്ങനെ കഴിഞ്ഞു?
(1) രാജ്യത്താകമാനമുള്ള വർഗ്ഗീയ അന്തരീക്ഷം അനിവാര്യമായും കേരളത്തെയും സ്വാധീനിക്കും. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ പ്രതിരോധവുമാണ് ഹിന്ദുത്വ വർഗ്ഗീയതയെ കേരളത്തിൽ നിന്ന് അകറ്റിനിർത്തിയത്. കേരളം പോലുള്ള പ്രദേശങ്ങളിലേക്ക് ഹിന്ദുത്വ വർഗ്ഗീയത കടത്തുന്നതിന് ബിജെപി നടത്തുന്ന ആസൂത്രിതവും ചിട്ടയുമായ പ്രവർത്തനങ്ങൾ ദക്ഷിണേന്ത്യയിലും ഫലം കണ്ടിട്ടുണ്ട്. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപിയുടെ വോട്ട് ശതമാനം ഉയർന്നിട്ടുണ്ട്.
(2) കേരളത്തിൽ വളരെ ഫലപ്രദമായി അമ്പലങ്ങളെയും അതുമായി ബന്ധപ്പെട്ട ഭക്തിപ്രസ്ഥാനങ്ങളെയും ബിജെപി ഉപയോഗപ്പെടുത്തി. അമ്പലങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളിൽ നിന്നും മറ്റും പാർട്ടി നേതാക്കളും അംഗങ്ങളും പിന്മാറിയത് ഇവ വരുതിയിലാക്കാൻ ആർഎസ്എസിനു സഹായകമായി. ഇന്നും ഈ സ്വാധീനം ഗണ്യമായ തോതിൽ തുടരുന്നു. അമ്പലങ്ങളും ഭക്തസംഘടനകളും വീടുകളുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കൂട്ടായ്മകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി.
(3) കേന്ദ്ര സർക്കാരിന്റെ സ്കീമുകളെ ബിജെപി ഫലപ്രദമായി ഉപയോഗപ്പെടുത്തി. മുദ്രാ വായ്പകൾ, കർഷക സമ്മാൻ, മൈക്രോ ഫിനാൻസ്, ജൻ ഔഷധി, തെരുവ് കച്ചവടക്കാർക്കും ആർട്ടിസാൻമാർക്കുമുള്ള സ്കീമുകൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. സംസ്ഥാന സർക്കാർ 25-40 ശതമാനം തുക മുതൽമുടക്കുന്ന കേന്ദ്രാവിഷ്കൃത സ്കീമുകൾപോലും കേന്ദ്രത്തിന്റേതായി ബ്രാൻഡ് ചെയ്യാനുള്ള ശ്രമവും പരാമർശിക്കേണ്ടതുണ്ട്.
(4) ബിജെപി സന്നദ്ധസംഘടനകൾ വഴിയുള്ള ദീനാനുകമ്പ പ്രവർത്തനങ്ങളും സാമൂഹ്യസേവനവും സ്വാധീനം വർദ്ധിപ്പിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ന് ബിജെപിയുമായി ബന്ധമില്ലാത്ത സന്നദ്ധസംഘടനകൾക്കൊന്നിനും വിദേശപണം ലഭിക്കാത്ത അവസ്ഥയാണ്.
(5) അഴിമതിയിലൂടെയും ഇലക്ടറൽ ബോണ്ടുകളിലൂടെയും സമാഹരിച്ചിട്ടുള്ള ഭീമമായ ഫണ്ട് തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ബിജെപി ഉപയോഗപ്പെടുത്തി.
മേൽപ്പറഞ്ഞവയോടൊപ്പം ജാതി സമുദായ സംഘടനകളെ സ്വാധീനിക്കുന്നതിനും വരുതിയിൽ കൊണ്ടുവരുന്നതിനുമുള്ള ആസൂത്രിതമായ ശ്രമങ്ങൾ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. എൻഎസ്എസ് നേതൃത്വം ആർഎസ്എസിനെ അകറ്റിനിർത്തുന്നുണ്ടെങ്കിലും കരയോഗങ്ങളിൽ വലിയൊരു പങ്ക് ആർഎസ്എസ് നിയന്ത്രണത്തിലാണ്. ഈഴവ സമുദായത്തിൽ ബിഡിജെഎസും ശാഖാ യോഗങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് വലിയ പരിശ്രമമാണ് നടക്കുന്നത്. ശിവഗിരിയേയും യോഗത്തെയും തങ്ങളുടെ വരുതിയിലാക്കുക എന്നത് ബിജെപിയുടെ ലക്ഷ്യമാണ്. ദളിത് സംഘടനകളെ സ്വാധീനിക്കുന്നതിനുള്ള ശ്രമങ്ങൾ ഒരു പരിധിവരെ വിജയം കണ്ടിട്ടുണ്ട്. ജാതീയമായി സംഘടിപ്പിക്കുക, വർഗ്ഗീയമായി യോജിപ്പിക്കുക എന്നതാണ് ആർഎസ്എസ് നയം.
ക്രിസ്തുമത വിശ്വാസികളിലാണെങ്കിൽ മുസ്ലിം വിദ്വേഷത്തെ അടിസ്ഥാനമാക്കി ക്രിസംഘികൾ എന്നൊരു വിഭാഗം തന്നെ ഉയർന്നു വന്നിട്ടുണ്ട്. ഒരു കാലത്ത് പുരോഗമന നിലപാടുകൾക്കു പ്രസിദ്ധമായിരുന്ന കേരള കൗൺസിൽ ഓഫ് ചർച്ചസ് എന്ന സംഘടനയിൽപ്പോലും ഇവരുടെ സ്വാധീനം ഇന്ന് പ്രകടമാണ്. തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന് മതമേലധ്യക്ഷന്മാർക്കെതിരെ ഭീഷണി ഉയർത്തുന്നതിനും ബിജെപിക്കു മടിയില്ല. ഇതിന്റെ ഫലം ചില പ്രദേശങ്ങളിൽ ഈ തെരഞ്ഞെടുപ്പിൽ തെളിഞ്ഞിട്ടുണ്ട്.
സിഎഎ, പലസ്തീൻ തുടങ്ങിയ പ്രശ്നങ്ങളിൽ എൽഡിഎഫ് സ്വീകരിച്ച തത്വാധിഷ്ഠിത സമീപനത്തെ മുസ്ലിം പ്രീണനമായി പ്രചരിപ്പിക്കുന്നതിന് ബിജെപി നടത്തിയ പരിശ്രമം കുറച്ചൊക്കെ ഏശുകയുണ്ടായി.
ഇവയെല്ലാം ആസ്പദമാക്കിയുള്ള പ്രതിരോധവും കടന്നാക്രമണവും ഇടതുപക്ഷം സംഘടിപ്പിക്കേണ്ടതുണ്ട്. ഏതൊക്കെ സാമൂഹ്യവിഭാഗങ്ങളാണ് ബിജെപിയിലേക്ക് മാറിയിട്ടുള്ളത്? ഉറച്ചനിലപാടാണോ അതോ ഫ്ലോട്ടിംഗ് വോട്ടുകളുടെ സ്വഭാവത്തിലുള്ളവയാണോ ഈ മാറ്റം? ബിജെപിയുടെ വർദ്ധിച്ച സ്വാധീനം എല്ലായിടത്തും ഒരുപോലെ അല്ല. ലഭ്യമായ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിൽ ഇവയെല്ലാം പരിശോധിച്ചുകൊണ്ട് ശരിയായ ഇടപെടലിനു രൂപം നൽകാൻ കഴിയും.