പ്രമുഖ മൈക്ര ബ്ലോഗിങ് ആപ്പായ ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ ‘കൂ’ അടച്ചുപൂട്ടുന്നു. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇനിലൂടെ സ്ഥാപകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എക്‌സിന് സമാനമായ രൂപകല്‍പ്പനയുമായി, എക്‌സിന് ബദല്‍ എന്ന തരത്തിലാണ് കൂ അവതരിപ്പിച്ചത്.
പ്രാദേശിക ഭാഷകളിൽ ഉപയോക്താക്കൾക്ക് സേവനം നൽകിക്കൊണ്ട് നാല് വർഷം മുമ്പ് ഇന്ത്യയിൽ ആരംഭിച്ച സ്റ്റാര്‍ട്അപ്പുകളിലൊന്നായിരുന്നു കൂ. ‘മഞ്ഞക്കിളി വിട പറയുന്നു’ എന്ന ഹൃദയസ്പര്‍ശിയായ കുറിപ്പോടെ ലിങ്ക്ഡ്ഇനിലൂടെയാണ് കൂവിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചതായി സ്ഥാപകര്‍ അറിയിച്ചത്. ഒന്നിലധികം വലിയ ഇന്റര്‍നെറ്റ് കമ്പനികള്‍, കമ്പനികള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവരുമായി പങ്കാളിത്തത്തിനുള്ള ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
2021ൽ ചില കണ്ടന്‍റുകള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററുമായി ഇന്ത്യ സർക്കാർ അഭിപ്രായ ഭിന്നതയിലായിരുന്നു. ഇതോടെയാണ് കൂ ആപ്പ് കൂടുതൽ സജീവമായത്. കേന്ദ്രമന്ത്രിമാരടക്കം നിരവധിപേർ ട്വിറ്റർ വിട്ട് കൂ വിൽ ചേക്കേറിയിരുന്നു. എന്നാല്‍, 2023 ഏപ്രിലിൽ ഏകദേശം 300ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിനിടെ കൂ ആപ്പിന്‍റെ പ്രവർത്തനങ്ങൾ ബ്രസീലിലേക്കും വ്യാപിപ്പിച്ചിരുന്നു എന്നാൽ, ഇന്ത്യൻ മാർക്കറ്റിൽ തിരിച്ചടി നേരിടേണ്ടി വന്നതോടെയാണ് അടച്ചു പൂട്ടുന്നത്.
പ്ലാറ്റ്ഫോം പൊതുജനങ്ങള്‍ക്കുള്ള സേവനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സഹസ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും അറിയിച്ചു. ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക സേവനങ്ങളുടെ ചെലവ് വര്‍ധിച്ചത് അടക്കമുള്ള കാര്യങ്ങളാണ് കടുത്ത തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ഇരുവരും വെളിപ്പെടുത്തി. നേരത്തെ, ബാംഗ്ലൂർ ആസ്ഥാനമായുള്ള ന്യൂസ് ആന്റ് കണ്ടന്റ് സ്ഥാപനമായ ഡെയ്‌ലിഹണ്ട് ‘കൂ’വിനെ ഏറ്റെടുമെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ട്വിറ്ററിനെ മറികടക്കാനാകുമെന്നു കമ്പനി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഏകദേശം 10 മില്യണ്‍(ഒരു കോടി) പ്രതിമാസ സജീവ ഉപയോക്താക്കളും 2.1 മില്യണ്‍(21 ലക്ഷം) പ്രതിദിന ഉപയോക്താക്കളും ഒരു ഘട്ടത്തില്‍ ഉണ്ടായിരുന്ന കമ്പനി, 2022ൽ കൂ, 50 മില്യൺ ഉപയോക്താക്കളെ നേടിയിരുന്നു.