Celebrities

‘സ്റ്റണ്ട് ആദ്യമായി ചെയ്യുന്നത് കല്‍ക്കിയിലാണ്’; വര്‍ക്കാകുമോയെന്ന ടെന്‍ഷനുണ്ടായിരുന്നെന്ന് അന്ന ബെന്‍- Anna Ben about her kalkki movie

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ്-നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘കല്‍ക്കി 2898 എഡി’ ബോക്‌സോഫീസില്‍ വലിയ കുതിപ്പാണ് നടത്തുന്നത്. ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. ദീപിക പദുകോണ്‍ ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമല്‍ ഹാസനും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. കല്‍ക്കി 2898 എഡിയുടെ ഭാഗമായിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം അന്ന ബെന്നും. അന്നയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.

കല്‍ക്കി തിയേറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുമ്പോള്‍ തന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അന്ന പങ്കുവെച്ചു. ‘സ്റ്റണ്ട് ആദ്യമായി ചെയ്യുന്നത് കല്‍ക്കിയിലാണ്. അതുകൊണ്ട് തന്നെ അത് വര്‍ക്കാകുമോയെന്ന ടെന്‍ഷനുണ്ടായിരുന്നു. പക്ഷെ ആളുകളുടെ കയ്യടിയും സ്വീകരണവും മറ്റും കണ്ടപ്പോള്‍ സന്തോഷമായി. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി ധാരണയുള്ള സംവിധായകനാണ് നാഗ് അശ്വിന്‍. കപ്പേളയും കു്മ്പളങ്ങിയുമെല്ലാം അദ്ദേഹം കണ്ടിട്ടുണ്ട്. കയ്‌റ എന്ന കഥപാത്രം നാഗ് അശ്വിന് വളരെ ഇഷ്ടമുള്ളതാണ്. കല്‍ക്കിയിലെ കയ്‌റയും കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളും തമ്മില്‍ ഒരു ബന്ധമുണ്ട്. രണ്ടുപേരും ജീവിതത്തെ വളരെ സിമ്ബിളായി കാണുന്ന ആളുകളാണ്’, അന്ന ബെന്‍ പറഞ്ഞു. സിനിമയുടെ റിലീസിനുശേഷം ആളുകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത് അന്നയുടെ ആക്ഷന്‍ സീനുകളാണ്. കുമ്പളങ്ങി നെറ്റ്‌സിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അന്ന തെലുങ്കില്‍ മാത്രമല്ല തമിഴിലുമിപ്പോള്‍ സജീവമാണ്.

തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെന്‍. ശ്യാം പുഷ്‌ക്കര്‍ തിരക്കഥയെഴുതി മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സാണ് ആദ്യ സിനിമ. ഹെലനിലെ അഭിനയത്തിന് അന്ന ബെന്നിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിട്ടുണ്ട്. 2020 ലെ മികച്ച അഭിനേത്രിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അന്ന ബെന്‍ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് നേടിയെടുത്തു.