റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന്‍ രാജിവെച്ചു. റാഞ്ചിയില്‍ രാജ്ഭവനിലെത്തി രാജിക്കത്ത് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് കൈമാറി. ഹേമന്ത് സോറനും മറ്റ് നേതാക്കള്‍ക്കുമൊപ്പമാണ് ചംപെയ് സോറന്‍ രാജ്ഭവനിലെത്തിയത്.
അതേസമയം, സര്‍ക്കാരുണ്ടാക്കാന്‍ ഹേമന്ത് സോറന്‍ അവകാശവാദം ഉന്നയിച്ച് ഗവർണർക്ക് കത്ത് നല്‍കി. 2024 ഫെബ്രുവരി രണ്ടിനായിരുന്നു ചംപയ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭൂമി കുംഭകോണക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹേമന്ത് സോറന്‍ രാവിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചംപയ് സോറനെ ജെഎംഎം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
‘ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റും സംസ്ഥാനത്തിന്റെ ഉത്തരവാദിത്വം ലഭിച്ചതും. ഹേമന്ത് സോറന്‍ മടങ്ങിയെത്തിയതിന് ശേഷം ഞങ്ങളുടെ സഖ്യം ഹേമന്ത് സോറനെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. ഞാനിപ്പോള്‍ മുഖ്യമന്ത്രി പദം രാജിവെച്ചിരിക്കുകയാണ്’, രാജിവെയ്ക്കുന്ന വിവരം മാധ്യമ പ്രവര്‍ത്തകരോട് പങ്കുവെച്ച് ചംപയ് സോറന്‍ വ്യക്തമാക്കി.
നിലവില്‍ ഹേമന്ത് സോറന്‍ ജെ.എം.എമ്മിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റാണ്. മുഖ്യമന്ത്രി പദം വിട്ടുനല്‍കുന്ന ചംപെയ് സോറനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്ന് അഭ്യൂഹമുണ്ട്. അതേസമയം, ഇന്ത്യസഖ്യ കോര്‍ഡിനേഷന്‍ കമ്മിറ്റി അധ്യക്ഷസ്ഥാനമോ ജെ.എം.എം. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനമോ നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ജൂണ്‍ 28നായിരുന്നു അഞ്ച് മാസത്തിന് ശേഷം ഹേമന്ത് സോറന്‍ ഭൂമി കുംഭകോണക്കേസില്‍ ജാമ്യത്തിലിറങ്ങിയത്. കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയായിരുന്നു ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്.
കേസിൽ ഇതുവരെ 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ഛാവി രഞ്ജൻ അടക്കം ഉൾപ്പെടും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരുന്നു സോറന്റെ അറസ്റ്റ്. പ്രതിരോധ ഭൂമി ഇടപാട്, കൽക്കരി ഖനന ഇടപാട് എന്നീ കേസുകളിലാണ് സോറനെതിരെ ഇ ഡി കേസ് എടുത്തിരിക്കുന്നത്.