India

നീറ്റ് ചോദ്യപേപ്പർ ചോർച്ച: മുഖ്യ ആസൂത്രകൻ സിബിഐ പിടിയിൽ

റാഞ്ചി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചാ കേസിൽ നിർണായക അറസ്റ്റുമായി സി.ബി.ഐ. കേസിലെ കേസിലെ മുഖ്യ ആസൂത്രകനായ അമൻ സിങ്ങിനെ ജാർഖണ്ഡിലെ ധൻബാദിൽ നിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്‌തു. ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐ അറസ്റ്റ് ചെയ്യുന്ന ഏഴാമത്തെ ആളാണ് അമൻ സിങ്.

ഹസാരിബാഗിലെ സ്കൂൾ പ്രിൻസിപ്പൽ ഇസാൻ ഉൾ ഹഖ്,​ പരീക്ഷാ സെന്റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഹസാരിബാഗിലെ സ്കൂളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത് ഇതുമായി ബന്ധപ്പെട്ടാണ് സ്കൂൾ പ്രിൻസിപ്പലിനെയും പരീക്ഷാ സെന്റർ സൂപ്രണ്ടിനെയുമടക്കം അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയിൽ നിന്ന് ഒരു സ്വകാര്യ സ്കൂൾ ഉടമയെ സി,ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ജയ്‌ജലറം സ്കൂളുടമ ദീക്ഷിത് പട്ടേലാണ് അറസ്റ്റിലായത്. പരീക്ഷയിൽ കൃത്രിമം നടത്താൻ 27 വിദ്യാർത്ഥികളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

നീറ്റ് യു.ജി ചോദ്യപേപ്പർ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്ത് അന്വേഷണം നടത്തുന്നത്. വഞ്ചന (ഐ.പി.സി 420), ക്രിമിനല്‍ ഗൂഢാലോചന (ഐ.പി.സി 120-ബി) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ എൻടിഎ ഡയറക്ടറർ ജനറല്‍ സുബോധ് കുമാറിനെ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരീക്ഷാ നടത്തിപ്പിന് പൊതു ജനങ്ങളുടെ അഭിപ്രായം കെ രാധാകൃഷ്ണന്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 7 വരെ ഗുണഭോക്താക്കള്‍ക്ക് innovateindia.mygov.in/examination-reforms-nta/. എന്ന വെബ്‌സൈറ്റിലൂടെയാണ് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും അറിയിക്കാവുന്നത്.