Tech

ആമസോണ്‍ പ്രൈം ഡേ തീയതികള്‍ പ്രഖ്യാപിച്ചു; വമ്പന്‍ ഓഫറുമായി എത്തുന്നത് 450-ഓളം ബ്രാന്‍ഡുകള്‍-Amazon Prime Day sale date declared

ന്യൂഡല്‍ഹി: ആമസോണിന്റെ ഈ വര്‍ഷത്തെ പ്രൈം ഡേ തീയതികള്‍ പ്രഖ്യാപിച്ചു. ജൂലൈ 20നാണ് പ്രൈംഡേ ആരംഭിക്കുന്നത്. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന വില്‍പ്പനയായിരിക്കും ഇത്. അര്‍ധരാത്രി 12 മണിക്കാണ് പ്രൈം ഡേ സെയില്‍ ആരംഭിക്കുക. ജൂലൈ 21 ന് പ്രൈം ഡേ സെയില്‍ അവസാനിക്കും. ഇന്ത്യന്‍-വിദേശ ബ്രാന്‍ഡുകളുള്‍പ്പെടെ ഇന്റല്‍, സാംസങ്, വണ്‍പ്ലസ്, ഐഖൂ, ഓണര്‍, സോണി, അസ്യൂസ് എന്നിങ്ങനെ 450ലേറെ ബ്രാന്‍ഡുകളാണ് വില്‍പനയ്‌ക്കെത്തുന്നത്.

ആമസോണ്‍ പ്രൈം ഉപഭോക്താക്കളെയാണ് സെയില്‍ ലക്ഷ്യം വെയ്ക്കുന്നത്. വിവിധ വിഭാഗങ്ങളിലായി വന്‍ വിലക്കിഴിവാണ് മേളയില്‍ ഉണ്ടാകുക. ആകര്‍ഷകമായ ഓഫറുകളും ഇഎംഐ പ്ലാനുകളും ഇതൊടൊപ്പം ലഭ്യമാകും. ആമസോണ്‍ എക്കോ ഉപകരണങ്ങളുള്‍പ്പെടെയാണ് വന്‍വിലക്കുറവില്‍ വില്‍പനയ്ക്ക് ലഭ്യമാകുക. ഒരു മാസം 299 രൂപയാണ് പ്രൈം അംഗത്വത്തിന്റെ വില. മൂന്ന് മാസത്തേക്ക് 599 രൂപയും ഒരു വര്‍ഷത്തേക്ക് 1499 രൂപയും ആണ് നിരക്ക്. ആമസോണ്‍ പ്രൈം ഷോപ്പിങ് എഡിഷന്‍ പ്ലാനിന് 399 രൂപയാണ് വില. പ്രൈം അംഗങ്ങള്‍ക്ക് അതിവേഗ ഡെലിവറിയ്ക്ക് പുറമേ ആമസോണ്‍ പ്രൈം വീഡിയോ, മ്യൂസിക്, പ്രൈം റീഡിങ് എന്നിവയും ലഭിക്കും.

എസ്ബിഐ, ഐസിഐസിഐ ബാങ്ക് കാര്‍ഡുകളില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഇടപാടുകളില്‍ നിന്നും 10 ശതമാനം വിലക്കിഴിവ് ഈ സെയിലില്‍ ലഭിക്കും. കൂടാതെ ആമസോണ്‍ ഐസിഐസിഐ ക്രെഡിറ്റ്കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 2500 രൂപ വരെ വെല്‍ക്കം റിവാര്‍ഡ് ആയും പ്രൈം ഉപഭോക്താക്കള്‍ക്ക് 300 രൂപ കാഷ്ബാക്കായും 2200 രൂപ വരെയുള്ള റിവാര്‍ഡുകളും ലഭിക്കും. പ്രൈം അംഗങ്ങള്‍ക്കും 30 ദിവസത്തെ സൗജന്യ ട്രയല്‍ സബ്സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്കും ഓഫറുകള്‍ ലഭിക്കും.