1998 സെപ്റ്റംബറിൽ പിഎച്ച്ഡി വിദ്യാർഥികളായ ലാറി പേജും, സെർജി ബ്രിന്നും ചേർന്നാണ് അവർ പഠിച്ചിരുന്ന കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാല കാമ്പസിൽ ഉപയോഗിക്കുന്നതിനായി ഗൂഗിൾ എന്ന സെർച്ച് എഞ്ചിൻ ആരംഭിച്ചത്.ബാക്ക് ലിങ്കുകളിൽ നിന്നും സെർച്ച് റിസൾട്ടുകൾ കണ്ടെത്തിയിരുന്ന തിരച്ചിൽ സംവിധാനത്തിന് നേരത്തെ തന്നെ ബാക്ക് റബ് എന്ന പേരിൽ ഒരു സെർച്ച് എഞ്ചിൻ അൽഗൊരിതം വികസിപ്പിച്ചെടുത്ത ഇരുവരും അവരുടെ പുതിയ പ്രൊജക്ടിന് ഗൂഗിൾ എന്ന് പേരിട്ടു.
ഗണിത ശാസ്ത്ര പദമായ ഗൂഗോൾ (googol) എന്നതിൽ നിന്നാണ് ഗൂഗിൾ (google) എന്ന പേര് വന്നത്. ഒന്നിനെ തുടർന്ന് 100 പൂജ്യങ്ങൾ വരുന്ന സംഖ്യയാണ് ഗൂഗോൾ എന്നറിയപ്പെടുന്നത്. ഗൂഗോൾ എന്ന പേര് നൽകിയപ്പോൾ സംഭവിച്ച അക്ഷരത്തെറ്റാണ് ഗൂഗിൾ എന്നും കഥയുണ്ട്.വേൾഡ് വൈഡ് വെബിന്റെ ശൈശവ കാലമായിരുന്നു അത്. ലോകത്ത് ലഭ്യമായ വിവരങ്ങൾ ആഗോള തലത്തിൽ ലഭ്യമാക്കുകയും ഉപകാരപ്രദമാക്കുകയും ചെയ്യുക എന്ന ലക്ഷ്യമായിരുന്നു പേജിനും, ബ്രിന്നിനും ഉണ്ടായിരുന്നത്.യാഹൂ, ആസ്ക് ജീവ്സ് തുടങ്ങിയ സെർച്ച് എഞ്ചിനുകളുമായി തുടക്കകാലത്ത് മത്സരിക്കേണ്ടി വന്നുവെങ്കിലും ലോകത്തെ ഏറ്റവും ജനപ്രിയമായ സെർച്ച് എഞ്ചിൻ എന്ന നിലയിലേക്ക് വളരാൻ ഗൂഗിളിന് ഇക്കാലം കൊണ്ട് സാധിച്ചു.
ഓരോ സെക്കന്റിലും 63000 ൽ അധികം സെർച്ചുകൾ ഗൂഗിളിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.ഈ ജനപ്രീതി കൊണ്ടു തന്നെയാണ് ഗൂഗിൾ എന്ന പദത്തിന്’ഓൺലൈനിൽ എന്തെങ്കിലും തിരയുക’ എന്ന അർത്ഥം കൽപിക്കപ്പെടുന്നത്. ‘ഗൂഗിൾ ചെയ്യുക’എന്ന പ്രയോഗം തന്നെ ആഗോള തലത്തിൽ പ്രചാരത്തിൽ വന്നു. ഓക്സ്ഫോഡ് ഇംഗ്ലീഷ് നിഘണ്ടുവിലും, മെരിയം-വെബ്സ്റ്റർ നിഘണ്ടുവിലും ഗൂഗിൾ എന്ന പദത്തിന് ഇങ്ങനെ ഒരു അർഥം കൂടി ചേർത്തിട്ടുണ്ട്.
സെപ്റ്റംബർ മാസമാണെങ്കിലും ഗൂഗിളിന്റെ പിറന്നാൾ തീയതികൾ പലതവണ മാറിയിട്ടുണ്ട്. 2005 വരെ സെപ്റ്റംബർ ഏഴിനാണ് ഗൂഗിൾ ജന്മദിനം ആഘോഷിച്ചിരുന്നത്.ഗൂഗിൾ ഒരു കോർപ്പറേറ്റ് കമ്പനിയായി രൂപപ്പെട്ട തീയ്യതിയായി കണക്കാക്കിയായിരുന്നു ഇത്.എന്നാൽ 1998 സെപ്റ്റംബർ നാലിനാണ് അതിനുള്ള രേഖകൾ കമ്പനി സമർപ്പിച്ചത്. എന്നാൽ ഈ തീയ്യതി ജന്മദിനമായി കണക്കാക്കാറില്ല.2005 മുതൽ സെപ്റ്റംബർ എട്ടിനും, പിന്നിട് സെപ്റ്റംബർ 26 നും അടുത്തകാലത്തായി സെപ്റ്റംബർ 27 നും ഗൂഗിൾ ജന്മദിനമായി ആഘോഷിച്ചുവരുന്നു.
കമ്പനിയുമായി ബന്ധപ്പെട്ട ഏത് സംഭവം ഒരു തുടക്കമായി കണക്കാക്കണം എന്നതിൽ ഇപ്പോഴും ഗൂഗിളിനുള്ളിൽ ആശയക്കുഴപ്പമുണ്ട് എന്നതാണ് രസകരമായ കാര്യം. ഇതുവരെ കണക്കാക്കിയ തീയതികളേക്കാൾ മുമ്പ് ഓഗസ്റ്റ് 30 ന് തന്നെ ഗൂഗിൾ അതിന്റെ ആദ്യ ഡൂഡിൽ പോസ്റ്റ് ചെയ്തിരുന്നു.ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്ഥാനം കാലിഫോർണിയയിലെ, മൗണ്ടൻ വ്യൂവിലുള്ള ഗൂഗിൾപ്ലെക്സ് ആണ്.വെബ് സെർച്ച് എൻജിൻ മാത്രമായി തുടക്കം കുറിച്ച ഗൂഗിൾ പിന്നീട് ചിത്രങ്ങൾ സൂക്ഷിക്കാനും എഡിറ്റിങ്ങിനുമുളള സംവിധാനം, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ സർവ മേഖലകളിലും തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിച്ച് ഇന്ന് ഇന്റർറ്റ് ലോകത്തെയാകെ അടക്കി വാഴുകയാണ്.
1997 സെപ്റ്റംബർ 15നാണ് ഗൂഗിൾ എന്ന ഡൊമെയിൻ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഗൂഗിൾ സെർച്ച് എഞ്ചിൻ 1999 സെപ്റ്റംബർ 21 വരെ ബീറ്റാ വെർഷൻ എന്ന നിലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ലളിതമായ രുപകൽപന ഗൂഗിൾ സെർച്ച് എൻജിനെ ഇന്റർനെറ്റ് ഉപഭോക്താക്കൾക്കിടയിൽ വളരെ വേഗം സ്വീകാര്യനാക്കി. 2000 ത്തില്‍ കീ വേർഡുകൾക്ക് അനുസരിച്ച് പരസ്യം നൽകി ഇന്റർനെറ്റ് പരസ്യ രംഗത്ത് എത്തിയതോടെ ഗൂഗിളിന്റെ വരുമാനവും കുതിച്ചുയർന്നു.
കമ്പനി രൂപീകരിച്ച ദിനമായ സെപ്റ്റംബർ 7 നാണ് 2005 വരെ ഗൂഗിൾ പിറന്നാൾ ആഘോഷിച്ചിരുന്നതെങ്കിലും പിന്നീട് ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ ഇൻഡക്സിങ്ങുമായി ബന്ധപ്പെട്ട് വരുന്ന 27 എന്ന സംഖ്യയുമായി ബന്ധപ്പെടുത്തി സെപ്റ്റംബർ 27 ന് പിറന്നാൾ ആഘോഷിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
Content highlight : The search engine that preceded Google; Back rub