കൊല്ലം: കുണ്ടറ ആലീസ് കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി ഗിരീഷ് കുമാറിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. പ്രോസിക്യൂഷന് യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവില്‍ പറയുന്നു.
മൂന്ന് മാസത്തിനകം ഗിരീഷിന് നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വധശിക്ഷ വിധിക്കുന്നതിന് വിചാരണക്കോടതി ആശ്രയിച്ച പ്രധാന സാക്ഷിയുടെ മൊഴി ഒരുവിധത്തിലും വിശ്വസനീയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വി എം എന്നിവരുടെ ബെഞ്ചാണ് നിരീക്ഷിച്ചത്.
2013ലാണ് കുണ്ടറ മുളവന കോട്ടപ്പുറം എ വി സദനിൽ വർഗീസിന്റെ ഭാര്യ ആലീസ്(57) ക്രൂരമായി കൊല്ലപ്പെടുന്നത്. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ആലീസിനെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും വീട്ടിൽ കവർച്ച നടത്തുകയും ചെയ്തെന്ന കേസിലാണ് പാരിപ്പള്ളി കോലായിൽ പുത്തൻവീട്ടിൽ ഗിരീഷ് കുമാറിനെ പോലീസ് പിടികൂടിയത്.
മറ്റൊരു കേസിൽ ജയിലിൽ കിടക്കുകയായിരുന്ന ഗിരീഷ് സഹതടവുകാരനിൽ നിന്നാണ് ആലിസിനെക്കുറിച്ചും ഗൾഫുകാരനായ ഭർത്താവ് എ വി സദനില്‍ വര്‍ഗീസിനെക്കുറിച്ചും വിവരങ്ങൾ ലഭിക്കുന്നതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഗിരീഷ് ജയിലില്‍ നിന്നിറങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ആലീസിനെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പൊലീസ് ഭാഷ്യം.