ന്യൂഡൽഹി: മഹാരാഷ്ട്രയില്‍ സിക വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം പുറത്തിറക്കി. ഗർഭിണികളിൽ പരിശോധന നടത്തി ഗർഭസ്ഥ ശിശുവിന്റെ വളർച്ച നിരീക്ഷിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.
ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും കൊതുക് മുക്തമാക്കണം. ഇതിനായി നോഡല്‍ ഓഫിസറെ നിയമിക്കണം. ജനവാസ മേഖലകൾ, ജോലി സ്ഥലങ്ങൾ, സ്കൂളുകൾ, നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്താനും പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ആളുകളിൽ പരിഭ്രാന്തിയുണ്ടാകാതിരിക്കാൻ സമൂഹമാധ്യമങ്ങൾ വഴിയും മറ്റും പ്രചാരണം നടത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം ഗർഭിണി ഉൾപ്പെടെ എട്ടുപേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. 2016ൽ ഗുജറാത്തിലാണ് രാജ്യത്ത് ആദ്യ സിക കേസ് റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാൻ, കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക സംസ്ഥാനങ്ങളിൽ പിന്നീട് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈഡിസ് കൊതുകുകളിലൂടെയാണ് സിക വൈറസ് പകരുന്നത്. ഡെങ്കിപ്പനി, ചികുൻഗുനിയ തുടങ്ങിയവയുടെയും രോഗവാഹകർ ഈ കൊതുകുകളാണ്. ഇത് മാരകമല്ലാത്ത രോഗമാണ്. എന്നിരുന്നാലും, സിക്ക ബാധിച്ച ഗർഭിണികൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ മൈക്രോസെഫാലി (തലയുടെ വലിപ്പം കുറയുക) എന്ന അവസ്ഥ ഉണ്ടാകുന്നു. ജനങ്ങൾക്ക് ഇടയിൽ ഇത് ഒരു പ്രധാന ആശങ്ക ഉയർത്തുന്നുണ്ട്.
2016 മുതൽ രാജ്യത്ത് സിക്കയുമായി ബന്ധപ്പെട്ട മൈക്രോസെഫാലി എന്ന രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2016-ൽ ഗുജറാത്തിൽ നിന്നാണ് ഇന്ത്യ ആദ്യത്തെ സിക്ക കേസ് റിപ്പോർട്ട് ചെയ്തത്. അതിനുശേഷം, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാൻ, കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ പിന്നീട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സിക വൈറസിന്റെ ലക്ഷണങ്ങൾ
പനി, സന്ധി വേദന, കണ്ണുകൾക്ക് ചുവപ്പ് നിറം, പേശി വേദന, തലവേദന, ക്ഷീണം, ഛർദ്ദി, അടിവയറ്റിൽ വേദന എന്നിവയാണ് ലക്ഷണങ്ങൾ.