Celebrities

മലയാള സിനിമയിലെ ഈ സൂപ്പര്‍താരത്തിന്റെ വീട്ടിലെത്തിയാല്‍ നല്ല മധുരമുള്ള പായസം കുടിക്കാം!; എവിടെയാണെന്നോ?-MG Soman’s son’s business

ഏത് സമയത്ത് ചെന്നാലും നല്ല രുചിയുള്ള പായസം ലഭിക്കുന്ന ഒരു വീടുണ്ട് തിരുവല്ലയില്‍. അത് അത്ര പ്രത്യേകത ഒന്നുമില്ലാത്ത കാര്യമാണെങ്കിലും അത് ആരുടെ വീടാണെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ നിങ്ങള്‍ ഒന്ന് അമ്പരക്കും. അതെ മലയാളത്തിന്റെ അനശ്വരനടന്‍ എംജി സോമന്റെ വീട്. തിരുവല്ല ചെങ്ങന്നൂര്‍ റൂട്ടില്‍ തിരുമൂലാപുരത്താണ് ശ്രീ എം ജി സോമന്റെ വീട്. ആ വീടും മുറ്റത്ത് കിടക്കുന്ന മാരുതി കാറുമൊന്നും മലയാളി പ്രേക്ഷകര്‍ക്ക് മറക്കാനാകാത്തതാണ്.

ഇപ്പോള്‍ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ‘മധുരം പായസം’എന്ന് എഴുതിയിരുക്കുന്ന ഒരു ബോര്‍ഡ് കാണാം. ഒപ്പം ഒരു ചെറിയ കടയും. ഓരോ ദിവസവും ഓരോ തരത്തിലുളള പായസങ്ങളാണ് ഇവിടെ ലഭിക്കുക. എംജി സോമന്റെ കുടുംബത്തിന് നിലവില്‍ ഫുഡ് പ്രോഡക്റ്റ്‌സിന്റെ നിരവധി ബിസിനസുകള്‍ ഉണ്ട്. അതില്‍ ഒന്നാണ് ഈ പായസക്കട. മധുരം പായസക്കട എന്നാണ് ഈ ചെറിയ കടയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. മിക്ക ദിവസങ്ങളിലും എംജി സോമന്റെ മകനായിരിക്കും കടയില്‍ ഉണ്ടാകാറ്. അദ്ദേഹമാണ് ഈ ബിസിനസുകള്‍ക്ക് മേല്‍ നോട്ടം നല്‍കുന്നത്. സജി സോമന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. എംജി സോമന്റെ മകന്‍ എന്ന് മാത്രമല്ല അദ്ദേഹം അറിയപ്പെടുന്നത്, മലയാള സിനിമയില്‍ ഒരുപാട് നല്ല വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഒരാള് കൂടിയാണ് സജി സോമന്‍. എന്നാല്‍ വളരെ സാധാരണക്കാരനായി നിന്നുകൊണ്ടാണ് സജി തന്റെ ബിസിനസ് നടത്തിക്കൊണ്ടുപോകുന്നത്.

എഴുപതുകളില്‍ സുകുമാരന്‍, ജയന്‍ എന്നിവരോടൊപ്പം മലയാള ചലച്ചിത്രങ്ങളില്‍ നായകവേഷം കൈകാര്യം ചെയ്ത നടനായിരുന്നു എം ജി സോമന്‍. 24 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ഏകദേശം നാനൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. നാടകത്തിലൂടെയാണ് എംജി സോമന്‍ അഭിനയം ആരംഭിച്ചത്. 1970ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നു വിരമിച്ച സോമന്‍ 1972 മുതല്‍ നാടകരംഗത്തുണ്ട്. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ സംഘത്തിലും കായംകുളം കേരള ആര്‍ട്‌സ് തിയേറ്റേഴ്‌സിലും സജീവമായിരുന്നു.

മലയാറ്റൂര്‍ രാമകൃഷ്ണന്‍ രചിച്ച ഗായത്രി എന്ന സിനിമയിലെ വേഷത്തിന് ആളെ തിരയുന്ന സമയത്ത് കേരള ആര്‍ട്‌സ് തിയേറ്റേഴ്‌സിന്റെ രാമരാജ്യം എന്ന നാടകം കണ്ട മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഭാര്യ വേണിയാണ് ഈ ചിത്രത്തില്‍ സോമനെ നായകനായി നിര്‍ദ്ദേശിച്ചത്. 1973-ല്‍ റിലീസായ ഗായത്രിയില്‍ ദിനേശ് എന്ന പേരിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്. 1997ല്‍ പുറത്തിറങ്ങിയ ലേലമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ഈ ചിത്രത്തില്‍ അദ്ദേഹം ചെയ്ത ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി അറിയപ്പെടുന്നു. ലേലം നിറഞ്ഞ സദസ്സില്‍ ഓടുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഏറെക്കാലം വിവിധ രോഗങ്ങള്‍ അലട്ടിയ എംജി സോമന്‍  56-ആമത്തെ വയസ്സില്‍ മഞ്ഞപ്പിത്തത്തെത്തുടര്‍ന്ന് 1997 ഡിസംബര്‍ 12-ന് അന്തരിച്ചു.